കാർഷിക ബില്ലിൽ യോജിപ്പില്ല; അകാലി ദൾ എൻ.ഡി.എ മുന്നണി വിട്ടു
text_fieldsന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകളിൽ കേന്ദ്ര സർക്കാറുമായി ഇടഞ്ഞ, എൻ.ഡി.എയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിരോമണി അകാലിദൾ മുന്നണി വിട്ടു. ബില്ലുകളിൽ പ്രതിഷേധിച്ച് അകാലി ദളിെൻറ മന്ത്രി ഹർസിമ്രത് കൗർ ബാദൽ നേരത്തെ കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെച്ചിരുന്നു.
ബില്ലുകൾ പുനഃപരിശോധിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. രാജ്യമൊട്ടാകെ കർഷക പ്രക്ഷോഭം രൂക്ഷമാവുകയും അകാലിദൾ തട്ടകമായ പഞ്ചാബിലും അയൽസംസ്ഥാനമായ ഹരിയാനയിലും കർഷക ലക്ഷങ്ങൾ തെരുവിലിറങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി മുന്നണി വിടാനുള്ള തീരുമാനമെടുത്തത്.
പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദലിെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനമെടുത്തത്. ''കാർഷികോൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് നിയമപരമായ പരിരക്ഷ ഏർപ്പെടുത്തണമെന്ന ഞങ്ങളുടെ ആവശ്യം നിരസിച്ച കേന്ദ്രത്തിെൻറ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയിൽനിന്ന് അകാലിദൾ വിടുകയാണ്'' -പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പഞ്ചാബിലെ സിഖ് സമൂഹത്തിെൻറ വികാരങ്ങൾ മനസ്സിലാക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ടുവെന്നും പാർട്ടി ആരോപിച്ചു.
അടൽബിഹാരി വാജ്പേയിയും പ്രകാശ്സിങ് ബാദലും വിഭാവനം ചെയ്ത എൻ.ഡി.എ അല്ല ഇപ്പോഴത്തേതെന്നും മൂന്നു കോടി പഞ്ചാബികളുടെ വേദന മോദി സർക്കാർ തിരിച്ചറിയുന്നില്ലെന്നും അകാലിദൾ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ കുറ്റപ്പെടുത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.