പ്രോടേം സ്പീക്കറായി അക്ബറുദ്ദീൻ ഉവൈസിയുടെ നിയമനം; കോൺഗ്രസ്-എ.ഐ.എം.ഐ.എം മഞ്ഞുരുക്കമെന്ന് നിരീക്ഷകർ
text_fieldsകോട്ടകളുടെ നാടായ ഹൈദരാബാദിൽ രാഷ്ട്രീയ കോട്ട തീർത്ത പാർട്ടിയാണ് എ.ഐ.എം.ഐ.എം എന്ന ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തുഹാദുൽ മുസ്‌ലിമീൻ. 1927 ലാണ് എ.ഐ.എം.ഐ.എം രൂപീകരിക്കപ്പെട്ടത്. അന്ന് മജ്‌ലിസെ ഇത്തുഹാദുൽ മുസ്‌ലിമിൻ (എംഐഎം) എന്നായിരുന്നു പേര്. മതപരവും സാംസ്കാരികപരവുമായ വിഷയങ്ങളിൽ ഇടപെട്ടായിരുന്നു തുടക്കം. പിന്നീട് പതിയെപ്പതിയെ രാഷ്ട്രീയത്തിലേക്ക് മാറിയ പ്രസ്ഥാനം 1957ൽ പൂർണ്ണ രാഷ്ട്രീയ പാർട്ടിയായി മാറി. ഇന്ന് ഹൈദരാബാദിലെ ഏറ്റവും ശക്തമായ പാർട്ടിയാണിത്. പാർട്ടിയുടെ നേതാവായ അസദുദ്ദീൻ ഉവൈസിയാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റിനിർത്താൻ കഴിയാത്ത സാന്നിധ്യവും.
കോൺഗ്രസ്-എ.ഐ.എം.ഐ.എം തർക്കം
തെലങ്കാന തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ്-എ.ഐ.എം.ഐ.എം തർക്കവും വാഗ്വാദങ്ങളും രൂക്ഷമായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത്, ടിപിസിസി തലവനും ഇപ്പോൾ മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയെ അക്ബറുദ്ദീൻ ‘ലില്ലിപ്പുട്ട്’ എന്നാണ് വിശേഷിപ്പിച്ചത്. അസദുദ്ദീൻ ഉവൈസിയാകട്ടെ ‘ആർഎസ്എസ് അണ്ണാ’ എന്നാണ് രേവന്ദ് റെഡ്ഡിയെ വിളിച്ചത്.
പതിറ്റാണ്ടുകളായി കോൺഗ്രസ് പാർട്ടിയുമായി എ.ഐ.എം.ഐ.എം നല്ല ബന്ധത്തിലായിരുന്നു. എന്നാൽ, മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയുടെ ഭരണകാലത്ത് അക്ബറുദ്ദീൻ ഉവൈസിയെ കേസെടുത്ത് ജയിലിലടച്ചതോടെ ബന്ധം വഷളായി. തുടർന്ന് രാജ്യത്തുടനീളം കോൺഗ്രസ് പാർട്ടിയെ പരാജയപ്പെടുത്തുമെന്ന് എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചു.
തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാർട്ടികളും തമ്മിൽ കടുത്ത വാക്പോര് ഉണ്ടായിരുന്നു. കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിപ്പിക്കാൻ മജ്‌ലിസ് പാർട്ടിയുടെ പലയിടത്തും സ്ഥാനാർത്ഥികളെ നിർത്തിയെന്നാണ് കോൺഗ്രസ് ആരോപണം. ബിജെപിയുടെ ബി ടീമാണ് അസദുദ്ദീൻ ഉവൈസി എന്നും ആരോപണമുണ്ടായി. രാജേന്ദ്രനഗറിലും ജൂബിലി ഹിൽസിലും എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തിയത് വിജയസാധ്യതകൾ തകർത്തു എന്നും കോൺഗ്രസ് ആരോപിക്കുന്നു.
മഞ്ഞ് ഉരുകുന്നു
തിരഞ്ഞെടുപ്പിന് ശേഷം അക്ബറുദ്ദീൻ ഉവൈസിയെ പ്രോടേം സ്പീക്കറായി നിയമിച്ചതും പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അദ്ദേഹം അധ്യക്ഷനായതും എ.ഐ.എം.ഐ.എം പാർട്ടി വൃത്തങ്ങളിൽ ആവേശം നിറച്ചിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഇപ്പോൾ പാർട്ടികളെല്ലാം. ഈ പ്രക്രിയയിൽ എ.ഐ.എം.ഐ.എം ഏത് ഭാഗത്തേക്ക് ചേക്കേറുമെന്നത് കൗതുകമാണ്. പത്ത് വർഷമായി ബിആർഎസുമായി സൗഹൃദം പുലർത്തുന്ന പാർട്ടി ആ ബന്ധം തുടരുമോ അതോ സർക്കാർ രൂപീകരിച്ച കോൺഗ്രസിനോട് ചായ്‌വ് കാണിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് വോട്ടർമാർ.
നിയമസഭാ ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ആശംസകൾ നേർന്ന അസദുദ്ദീൻ പ്രതിപക്ഷത്ത് ക്രിയാത്മക പങ്ക് വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അക്ബറുദ്ദീനെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തതോടെ തുടങ്ങിയ ബന്ധം പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും തമ്മിലുള്ള ശക്തമായ ബന്ധമായി മാറുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.