തെലങ്കാനയിൽ അക്ബറുദ്ദീൻ ഉവൈസി പ്രോടേം സ്പീക്കർ; സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബി.ജെ.പി സാമാജികർ
text_fieldsൈഹദരാബാദ്: തെലങ്കാന നിയമസഭയിൽ പ്രോടേം സ്പീക്കർ എ.ഐ.എം.ഐ.എമ്മിലെ അക്ബറുദ്ദീൻ ഉവൈസി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ച് ബി.ജെ.പി എം.എൽ.എമാർ. തെലങ്കാന പുതിയ നിയമസഭയുടെ ആദ്യ സമ്മേളനംതന്നെ ഈ തർക്കത്തിൽ കുരുങ്ങി. അക്ബറുദ്ദീനെ പ്രോടേം സ്പീക്കറാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ എട്ട് എം.എൽ.എമാരും സഭ ബഹിഷ്കരിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും കോൺഗ്രസ്, ബി.ആർ.എസ്, എ.ഐ.എം.ഐ.എം അംഗങ്ങളും (ആകെ 101 പേർ) സത്യപ്രതിജ്ഞ ചെയ്തു.
മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേർ റാവു, അദ്ദേഹത്തിന്റെ മകൻ കെ.ടി. രാമറാവു തുടങ്ങിയ ബി.ആർ.എസുകാർക്ക് സഭയിലെത്താനായില്ല. കെ.സി.ആർ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. സത്യപ്രതിജ്ഞക്കുശേഷം സഭ ഡിസംബർ 14ലേക്ക് പിരിഞ്ഞു. സ്പീക്കർ ഗദ്ദം പ്രസാദ് കുമാർ ആയിരിക്കുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളോട് അനാദരവ് കാണിക്കുകയും ഹിന്ദുക്കളെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ടെന്നും അതിനാൽ അക്ബറുദ്ദീന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യില്ലെന്നും ബി.ജെ.പി എം.എൽ.എ ടി. രാജ സിങ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മുമ്പ് മുഹമ്മദ് നബിക്കെതിരെ മോശം പരാമർശനം നടത്തിയതിന് ജയിലിലായ ആളാണ് രാജ സിങ്.
2018ലും രാജ സിങ് അന്ന് പ്രോടേം സ്പീക്കറായിരുന്ന എ.ഐ.എം.ഐ.എം അംഗം മുംതാസ് അഹ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചിരുന്നു. അന്ന് സഭയിലെ ഏക ബി.ജെ.പി അംഗമായിരുന്നു സിങ്. ശനിയാഴ്ച ചില ബി.െജ.പി അംഗങ്ങൾക്ക് സഭ ബഹിഷ്കരിക്കുന്നതിൽ വിയോജിപ്പുണ്ടായിരുന്നെന്ന് റിപ്പോർട്ടുണ്ട്. സഭയിലെത്താനുള്ള എം.എൽ.എമാരുടെ തീരുമാനത്തിൽ ക്ഷോഭിച്ച് രാവിലെ രാജ സിങ് ബി.ജെ.പി ഓഫിസിൽനിന്ന് ഇറങ്ങിപ്പോയി.
ചാർമിനാറിലെ ക്ഷേത്ര ദർശനത്തിന് എം.എൽ.എ സംഘം എത്തിയപ്പോൾ സിങ് അവർക്കൊപ്പമുണ്ടായിരുന്നില്ല. അതിനിടെ, അക്ബറുദ്ദീൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യേണ്ടെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന ഘടകത്തെ അറിയിച്ചു. സ്ഥിരം സ്പീക്കറെ തിരഞ്ഞെടുത്ത ശേഷം മാത്രമേ തങ്ങളുടെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യൂ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കിഷൻ റെഡ്ഡി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അക്ബറുദ്ദീനെ പ്രോടേം സ്പീക്കറാക്കിയതിനെതിരെ ഗവർണർ തമിഴിസൈ സൗന്ദരരാജന് ബി.ജെ.പി പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് ഉൈവസിയുടെ പാർട്ടിയുമായി രഹസ്യധാരണയുണ്ടാക്കിയതായി ബി.ജെ.പി ആരോപിച്ചു. കെ. ചന്ദ്രശേഖർ റാവുവിനെ ബി.ആർ.എസ് നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. 119 അംഗ സഭയിൽ 39 എം.എൽ.എമാരുള്ള ബി.ആർ.എസ് ആണ് പ്രധാന പ്രതിപക്ഷം. കോൺഗ്രസിന് 64 സീറ്റുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.