ഇന്നത്തെ യുവതലമുറക്ക് പ്രായമാകുന്നതിന് മുമ്പ് അഖണ്ഡ ഭാരതം യാഥാർത്ഥ്യമാകും -മോഹൻ ഭഗവത്
text_fieldsനാഗ്പൂർ: ഇന്നത്തെ യുവതലമുറക്ക് പ്രായമാകുന്നതിന് മുമ്പ് അഖണ്ഡ ഭാരതം അല്ലെങ്കിൽ അവിഭക്ത ഇന്ത്യ യാഥാർത്ഥ്യമാകുമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്. നാഗ്പൂരിൽ നടന്ന ഒരു പരിപാടിയിൽ വിദ്യാർഥിയുെട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആർ.എസ്.എസ് നേതാവ്.
കൃത്യമായി എന്ന് അഖണ്ഡ ഭാരതം യാഥാർത്ഥ്യമാകും എന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യം. നിങ്ങൾ അതിനായി പ്രവർത്തിക്കാൻ പോയാൽ പ്രായമാകുന്നതിന് മുമ്പ് അത് യാഥാർത്ഥ്യമാകുന്നത് നിങ്ങൾ കാണും. കാരണം ഇന്ത്യയിൽനിന്ന് വേര് പിരിഞ്ഞവർക്ക് തെറ്റുപറ്റിയെന്ന് തോന്നുന്ന തരത്തിലാണ് സാഹചര്യങ്ങൾ മാറുന്നത്. നമ്മൾ വീണ്ടും ഇന്ത്യയാകേണ്ടതായിരുന്നുവെന്ന് അവർ കരുതുന്നു. ഇന്ത്യയാകാൻ ഭൂപടത്തിലെ വരകൾ മായ്‌ക്കണമെന്ന് അവർ കരുതുന്നു. എന്നാൽ അങ്ങനെയല്ല, ഇന്ത്യയെന്നത് ഇന്ത്യയുടെ സ്വഭാവം അംഗീകരിക്കുകയാണ് -മോഹൻ ഭഗവത് പറഞ്ഞു.
ഇവിടെ മഹൽ ഏരിയയിലെ ആർ.എസ്.എസ് ആസ്ഥാനത്ത് 1950 മുതൽ 2002 വരെ ദേശീയപതാക ഉയർത്തിയിട്ടില്ലെന്ന വാദത്തെക്കുറിച്ചും പരിപാടിയിൽ ചോദ്യമുയർന്നു. ആളുകൾ ഈ ചോദ്യം ഞങ്ങളോട് ചോദിക്കരുതെന്ന് പറഞ്ഞാണ് ആർ.എസ്.എസ് നേതാവ് ഈ ചോദ്യത്തോട് പ്രതികരിച്ചത്. ‘എല്ലാ വർഷവും ആഗസ്റ്റ് 15 നും ജനുവരി 26 നും ഞങ്ങൾ എവിടെയായിരുന്നാലും ദേശീയ പതാക ഉയർത്താറുണ്ട്. മഹലിലെയും നാഗ്പൂരിലെ രേഷിംബാഗിലെയും ഞങ്ങളുടെ രണ്ട് കാമ്പസുകളിലും പതാക ഉയർത്താറുണ്ട്. ആളുകൾ ഈ ചോദ്യം ഞങ്ങളോട് ചോദിക്കാൻ പാടില്ല’ -മോഹൻ ഭഗവത് പറഞ്ഞു.
സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നയിടത്തോളം കാലം സംവരണം തുടരുമെന്നും മോഹൻ ഭഗവത് പറഞ്ഞു. ‘നമ്മുടെ സ്വന്തം ജനങ്ങൾ സമൂഹവ്യവസ്ഥയിൽ പിന്നിലാണ് നിൽക്കുന്നത്. നമ്മൾ അവരെ പരിഗണിക്കുന്നില്ല. ഇത് 2000 വർഷമായി തുടരുന്നു. അവർക്ക് തുല്യത ലഭിക്കുംവരെ ചില പ്രത്യേക കാര്യങ്ങൾ ആവശ്യമായി വരും, അതിലൊന്നാണ് സംവരണം. വിവേചനം നിലനിൽക്കുന്ന കാലം വരെ സംവരണം തുടരും. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തെ ആർ.എസ്.എസ് പിന്തുണക്കും’ -മോഹൻ ഭഗവത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.