പൗരത്വ പ്രക്ഷോഭത്തിന് ജയിലിലടച്ച അഖിൽ ഗൊഗോയിക്ക് കോവിഡ് ലക്ഷണം
text_fieldsഗുവാഹത്തി: പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് യു.എ.പി.എ ചുമത്തി ജയിലിലടച്ച കർഷക സംഘടന നേതാവിന് കോവിഡ് ലക്ഷണം. അസമിലെ ഗുവാഹത്തി സെൻട്രൽ ജയിലിൽ കഴിയുന്ന ക്രിഷക് മുക്തി സംഗ്രാം സമിതി (കെ.എം.എസ്.എസ്) നേതാവ് അഖിൽ ഗോഗോയിക്കാണ് രോഗലക്ഷണമുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
2019 ഡിസംബർ 27നാണ് അഖിലിനെ അറസ്റ്റുചെയ്തത്. ഇതുവരെ ജാമ്യംപോലും അനുവദിച്ചിട്ടില്ല. ഭർത്താവിൻെറ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഭാര്യയും ഗുവാഹത്തി ബി. ബറൂവ കോളജ് അധ്യാപികയുമായ ഗീതശ്രീ തമുലി പറഞ്ഞു. മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് രോഗലക്ഷണമുള്ളതായി അറിഞ്ഞതെന്നും അവർ പറഞ്ഞു. കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി, തനിക്കും വക്കീലിനും അഖിലിനെ കാണാനുള്ള അനുവാദം പോലും നൽകുന്നില്ലെന്ന് അവർ പറഞ്ഞു.
‘‘അഖിലിനെ കുറിച്ച് അന്വേഷിക്കാൻ പലരും എന്നെ വിളിക്കുന്നുണ്ട്. പക്ഷെ എനിക്ക് ഒന്നുമറിയില്ല. ഗുവാഹത്തിയിൽനിന്ന് കൊണ്ടുപോയ ശേഷം എനിക്ക് അദ്ദേഹത്തെ കാണാൻ പോലും കഴിഞ്ഞിട്ടില്ല. മുമ്പ് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ.എസ്.എ) അറസ്റ്റിലായപ്പോൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോഴും അർദ്ധരാത്രി പോലും പൊലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വിളിക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ഒരു വിവരവും നൽകിയിട്ടില്ല. ഫോൺ കോളുകളൊന്നുമില്ല. ഞാൻ ദിബ്രുഗഡിലായിരുന്നപ്പോൾ ഡി.ജി.പിയുമായി ബന്ധപ്പെട്ടിരുന്നു. വിവരങ്ങളറിയാൻ ദിബ്രുഗഡ് ജില്ല ഡെപ്യൂട്ടി കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാണ് പറഞ്ഞത്. എന്നാൽ, അപേക്ഷ നൽകി രണ്ടാഴ്‌ചയ്‌ക്ക് ശേഷം നിരസിച്ചതായി മറുപടി ലഭിച്ചു” -ഗീതശ്രീ ഫേസ്ബുക്കിൽ കുറിച്ചു.
ഒരാഴ്ചയായി അഖിലിന് സുഖമില്ലെന്നും എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവും ലഭിക്കുന്നില്ലെന്നും കെ.എം.എസ്.എസ് നേതാവ് മുകുത് ദേക പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിൻെറ പേരിൽ എൻ.ഐ.എ കോടതി റിമാൻഡ് ചെയ്ത മറ്റൊരു നോവ് ബിതു സോനോവലിനും രോഗലക്ഷണമുള്ളതായി അദ്ദേഹം പറഞ്ഞു.
ജയിലിൽ കഴിയുന്ന നിരവധി പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി അസം ഡി.ജി.പി ഭാസ്‌കർ ജ്യോതി മഹന്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പരിശോധനയും അഖിൽ ഉൾപ്പെടെയുള്ള വിചാരണ തടവുകാരുടെ മോചനവും ആവശ്യപ്പെട്ട് ജൂൺ 25, 26 തീയതികളിൽ ഗുവാഹത്തി സെൻട്രൽ ജയിലിലെ 1,200 തടവുകാർ നിരാഹാര സമരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.