യു.എ.പി.എ പിൻവലിച്ചു; ഗൊഗോയ് ജയിൽ മോചിതൻ
text_fieldsഗുവാഹതി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റും ശിവ്സാഗർ എം.എൽ.എയുമായ അഖിൽ ഗൊഗോയിയെ യു.എ.പി.എ കേസുകളിൽ കുറ്റവിമുക്തനാക്കി. പ്രത്യേക എൻ.ഐ.എ കോടതി കേസുകൾ പിൻവലിച്ചതിനെത്തുടർന്ന് ഒന്നര വർഷത്തിനുശേഷമാണ് അദ്ദേഹം മോചിതനായിരിക്കുന്നത്. ഗുവാഹതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഗൊഗോയ്.
2019ൽ അസമിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിലെ പങ്ക് ആരോപിച്ചാണ് ഗൊഗോയിക്കും മറ്റു മൂന്നു പേർക്കുമെതിരെ രണ്ട് കേസുകളിലായി യു.എ.പി.എ ചുമത്തിയത്. ഇതിൽ ആദ്യ കേസിൽ ജൂൺ 22ന് കുറ്റവിമുക്തനാക്കിയിരുന്നു. മാവോവാദി ബന്ധം ആരോപിച്ചുള്ള രണ്ടാമത്തെ കേസിൽ നിന്നും എൻ.ഐ.എ പ്രത്യേക ജഡ്ജ് ഗൊഗോയിയെയും ധൈർജ്യ കോൻവർ, മനാസ് കോൻവർ, ബിട്ടു സോനോവാൽ എന്നീ അനുയായികളെയും കുറ്റ മുക്തരാക്കി.
'സത്യം ജയിച്ചു, എന്നെ തടവിൽ തന്നെ ഇടാനുള്ള ഒരു ശ്രമവും നടന്നില്ല' എന്ന് ഗൊഗോയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2019ൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ മരിച്ച 17 കാരനായ സാം സ്റ്റാഫോർഡിെൻറ മാതാപിതാക്കളെ സന്ദർശിക്കുമെന്ന് ഗൊഗോയ് അറിയിച്ചു. സി.എ.എ വിരുദ്ധ റാലിയെത്തുടർന്ന് 2020 ഡിസംബർ 12ന് ജോർഹട്ടിൽവെച്ചാണ് ഗോഗോയിയെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് കേസ് എൻ.ഐ.എക്ക് കൈമാറി. നിരോധിത സി.പി.ഐയുടെ (മാവോയിസ്റ്റ്) പ്രവർത്തകൻ ആണെന്നാരോപിച്ച് യു.എ.പി.എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
പുതുതായി രൂപംകൊണ്ട പ്രാദേശിക പാർട്ടിയായ റൈജോർ ദളിനെ നയിച്ച ഗൊഗോയ് അസം നിയമസഭ തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ചാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.