യു.എ.പി.എക്കെതിരെ കാമ്പയിനിന് ഒരുങ്ങി അഖിൽ ഗൊഗോയ്
text_fieldsന്യൂഡൽഹി: യു.എ.പി.എ നിയമത്തിനെതിരെ കാമ്പയിൻ നടത്താനൊരുങ്ങി പൗരത്വ പ്രക്ഷോഭ നേതാവും അസം ശിവ്സാഗർ എം.എൽ.എയുമായ അഖിൽ ഗൊഗോയ്. രാജ്യത്തെ ആക്ടിവിസ്റ്റുകളെ ലക്ഷ്യം വെച്ച് യു.എ.പി.എ ചുമത്തി ജയിലിൽ അടക്കുന്നതിനെതിരെയാണ് കാമ്പയിൻ.
18 മാസത്തെ ജയിൽവാസത്തിന് ശേഷം ജൂലൈ ഒന്നിനാണ് അഖിൽ ഗൊഗോയ് ജയിൽ മോചിതനാകുന്നത്. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ അദ്ദേഹത്തെ യു.എ.പി.എ ചുമത്തി ജയിലടക്കുകയായിരുന്നു. തുടർന്ന് ജയിലിൽനിന്ന് തന്നെ അദ്ദേഹം നിയമസഭ തെരഞ്ഞെടുപ്പിേലക്ക് മത്സരിക്കുകയും വിജയിക്കുകയുമായിരുന്നു.
യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട 84കാരനായ വൈദികൻ സ്റ്റാൻ സ്വാമി തിങ്കളാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കേ മുംബൈ ആശുപത്രിയിൽ അന്തരിച്ചിരുന്നു. നീതി നിഷേധിക്കപ്പെട്ട അദ്ദേഹത്തിന്‍റെ മരണത്തോടെയാണ് കാമ്പയിൻ ആരംഭിക്കാനുള്ള നീക്കം.
ആഗസ്റ്റ് 15 മുതലാകും കാമ്പയിൻ. ജൂലൈ 12 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന നിയമസഭ സമ്മേളനത്തിന് തുടക്കമാകുന്നതിനാലാണ് ആഗസ്റ്റ് 15 മുതൽ കാമ്പയിൻ ആരംഭിക്കുക.
യു.എ.പി.എ വിരുദ്ധ പ്രചാരണത്തിന് പുറമെ 46കാരനായ അഖിൽ ഗൊഗോയ് എൻ.ഐ.എയുടെ സ്ഥാപകലക്ഷ്യം സംബന്ധിച്ച് അഭിപ്രായങ്ങൾ ആരായും. ഇത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുകയല്ല, മറിച്ച് ആക്ടിവിസ്റ്റുകളുടെ നാവടപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിന് രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണെന്നും അഖിൽ ഗൊഗോയ് ടെലഗ്രാഫിനോട് പറഞ്ഞു. ഫാ. സ്റ്റാൻ സ്വാമിയുടെ മരണം എല്ലാവരുടെയും കണ്ണുതുറപ്പിക്കുമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
സ്റ്റാൻ സ്വാമിക്കെതിരെ യു.എ.പി.എ ചുമത്തുകയായിരുന്നു. ജാമ്യത്തിനായി പോരാടിയാണ് അദ്ദേഹത്തിന്‍റെ മരണം. എനിക്കെതിരെയും യു.എ.പി.എ ചുമത്തിയിരുന്നു. എന്നാൽ എൻ.ഐ.എ ചുമത്തിയ രണ്ടുകേസുകളും ഇല്ലാതാകുകയും ഞാൻ പുറത്തുവരികയുമായിരുന്നു. എനിക്കെതിരെ മാവോയിസ്റ്റ് ബന്ധവും ആരോപിച്ചിരുന്നു. പക്ഷേ പ്രത്യക്ഷത്തിൽ യു.എ.പി.എ ചുമത്താൻ തെളിവുകളില്ലെന്ന് എൻ.ഐ.എ കോടതി കണ്ടെത്തുകയായിരുന്നു' -അഖിൽ ഗൊഗോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.