സംയുക്തമായി ആഞ്ഞടിച്ച് അഖിലേഷും രാഹുലും
text_fieldsപടിഞ്ഞാറൻ യു.പിയിൽനിന്നുള്ള മാറ്റത്തിന്റെ കാറ്റ് രാജ്യത്തുടനീളം ആഞ്ഞടിക്കുമെന്നും ഗാസിയാബാദ് മുതൽ ഗാസിപൂർവരെ ബി.ജെ.പിയെ തുടച്ചുനീക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്നും മുൻ യു.പി മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. രണ്ടാഴ്ച മുമ്പുവരെ 180 സീറ്റെങ്കിലും ബി.ജെ.പിക്ക് കിട്ടുമെന്ന് കരുതിയിരുന്നുവെങ്കിലും ഇപ്പോൾ 150 സീറ്റേ അവർക്ക് കിട്ടുകയുള്ളൂ എന്ന് പറയേണ്ട സ്ഥിതിയായെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ നാളെ രാജ്യം പോളിങ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ ഗാസിയാബാദിൽ ഇൻഡ്യ സഖ്യം വിളിച്ചുചേർത്ത സംയുക്ത വാർത്തസമ്മേളനത്തിലാണ് ഇരുവരും മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചത്.
ആർ.എസ്.എസും ബി.ജെ.പിയുമായി ഇൻഡ്യ സഖ്യം നടത്തുന്ന ആദർശ പോരാട്ടമാണ് ഈ പൊതുതെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ചാമ്പ്യനാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തൊഴിലില്ലായ്മയിൽനിന്നും വിലക്കയറ്റത്തിൽനിന്നും ശ്രദ്ധതിരിക്കാനാണ് മോദി കടലിനടിയിലേക്കും ആകാശത്തേക്കും പോകുന്നത്.
ഇലക്ടറൽ ബോണ്ട് സുതാര്യമാണെന്ന് കള്ളം പറഞ്ഞതോടെ എ.എൻ.ഐക്ക് മോദി നൽകിയ അഭിമുഖം പൊളിഞ്ഞു. ബി.ജെ.പിക്ക് ആയിരക്കണക്കിന് കോടികൾ നൽകിയവരുടെ പേരുകൾ മറച്ചുവെച്ചാണ് ബോണ്ട് സുതാര്യമാണെന്ന് മോദി പറഞ്ഞത്. സി.ബി.ഐ, ഇ.ഡി അന്വേഷണം നേരിട്ടവർ 15 ദിവസത്തിനകമാണ് കോടികൾ നൽകിയത്. ലോകത്തെ ഏറ്റവും വലിയ കവർച്ച പദ്ധതിയായിരുന്നു ഇലക്ടറൽ ബോണ്ട്.
ഇൻഡ്യക്ക് കീഴിൽ പിന്നാക്ക-ദലിത്- ന്യൂനപക്ഷ സഖ്യം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയെ തോൽപിക്കും. ചുരുങ്ങിയ താങ്ങുവിലയുടെ കാര്യത്തിലും ദാരിദ്ര്യ നിർമാർജനത്തിലും സാമൂഹിക നീതിക്കായുള്ള ജാതി സെൻസസിലുമെല്ലാം സമാജ്വാദി പാർട്ടിക്കും കോൺഗ്രസിനും ഒരേ നിലപാടാണുള്ളത്. ബി.ജെ.പിയുടെ ഓരോ വാഗ്ദാനങ്ങളും പൊയ്വാക്കായതോടെ കർഷകർ നിരാശരായെന്നും അഖിലേഷ് യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.