കപിൽ സിബൽ കോൺഗ്രസ് വിട്ടു; സമാജ്‌വാദി പാർട്ടി പിന്തുണയോടെ രാജ്യസഭയിലേക്ക് പത്രിക നൽകി
text_fieldsലഖ്നോ: മുതിർന്ന നേതാവും മുൻ എം.പിയുമായ കപിൽ സിബൽ കോൺഗ്രസ് വിട്ടു. വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കും.
എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തി കപിൽ സിബൽ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചു. മെയ് 16ന് തന്നെ താന്‍ കോൺഗ്രസ് പാർട്ടിക്ക് രാജി സമർപ്പിച്ചിരുന്നതായി നാമനിർദേശപത്രിക സമർപ്പിച്ചതിന് ശേഷം കപിൽ സിബൽ മാധ്യമങ്ങളോട് പറഞ്ഞു.
"ഞാന്‍ സ്വതന്ത്ര സ്ഥാനാർഥിയായി രാജ്യസഭയിലേക്കുള്ള നാമനിർദേശപത്രിക സമർപ്പിച്ചു. രാജ്യത്തിന് വേണ്ടി എപ്പോഴും ഒരു സ്വതന്ത്ര ശബ്ദമായി പ്രവർത്തിക്കാനാണ് ആഗ്രഹിച്ചത്. മോദി സർക്കാറിനെതിരെ പ്രതിപക്ഷ സഖ്യമുണ്ടാക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്" -സിബൽ വ്യക്തമാക്കി.
കോൺഗ്രസ് വിമത നേതാക്കളുടെ കൂട്ടായ്മയായ ജി 23യിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു കപിൽ സിബൽ. പുനഃസംഘടന അടക്കം വിവിധ വിഷയങ്ങളിൽ കോൺഗ്രസ് ഹൈക്കമാന്‍ഡിനെ സിബൽ പരസ്യമായി വിമർശിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉൾപ്പെടെ പാർട്ടിയിൽ സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട തിരുത്തൽ നേതാവായിരുന്നു അദ്ദേഹം.
2016ൽ ഉത്തർപ്രദേശിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായാണ് കപിൽ സിബൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ജുലൈ നാലിന് രാജ്യസഭ കാലാവധി പൂർത്തിയാക്കി. യു.പി നിയമസഭയിൽ സമാജ്വാദി പാർട്ടിക്ക് 111 എം.എൽ.എമാരുള്ളതിനാൽ സിബൽ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.