മത്സരിക്കില്ലെന്ന് അഖിലേഷ്; പാർട്ടി തീരുമാനിക്കുമെന്ന് നേതാക്കൾ
text_fieldsന്യൂഡൽഹി: യു.പി നിയമസഭ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിവരുന്നതിനിടയിൽ മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ച് മുൻമുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നാണ് അദ്ദേഹം വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും കൂട്ടിച്ചേർത്തു. യു.പി തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥി മുഖങ്ങളിലൊന്നായ അഖിലേഷിെൻറ പ്രഖ്യാപനം സമാജ്വാദി പാർട്ടിയെത്തന്നെ ആശയക്കുഴപ്പത്തിലാക്കി. പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു.
മത്സരിക്കുന്നില്ലെന്ന് പറഞ്ഞതിെൻറ കാരണം അഖിലേഷ് വ്യക്തമാക്കിയിട്ടില്ല. അഅ്സംഗഡിൽനിന്നുള്ള ലോക്സഭാംഗമാണ് ഇപ്പോൾ അദ്ദേഹം. അതുകൊണ്ട് നേതൃമുഖമായി മത്സരിക്കുന്നതിന് പാർട്ടിയിൽനിന്ന് സമ്മർദമുയരട്ടെ എന്നാണ് അദ്ദേഹത്തിെൻറ മനോഗതമെന്നു കാണുകയാണ് പാർട്ടിക്കാർ പലരും. അതിെൻറ ചുവടുപിടിച്ചാണ് രാജേന്ദ്ര ചൗധരി വിശദീകരണം നൽകിയത്.
യു.പിയിൽ സമാജ്വാദി പാർട്ടിയുടെ മുഖ്യമന്ത്രി മുഖവും നേതൃമുഖവുമായി അവതരിപ്പിക്കാൻ അഖിലേഷ് അല്ലാതെ യോജിച്ച മറ്റൊരു നേതാവിനെ പാർട്ടി ഇനിയും കണ്ടെത്തിയിട്ടില്ല. മുലായം കുടുംബം പാർട്ടിയുടെ നിയന്ത്രണം ൈകയൊഴിയാൻ സാധ്യതയും വിരളം. 2012 മുതൽ 2017 വരെ മുഖ്യമന്ത്രിയായിരുന്നു അഖിലേഷ്. മത്സരിക്കാനില്ലെന്ന് പറഞ്ഞുവെങ്കിലും സഖ്യം അടക്കമുള്ള കാര്യങ്ങളിൽ പാർട്ടി സുചിന്തിതമായി മുന്നോട്ടു നീങ്ങുന്നുവെന്ന സൂചനയും അഖിലേഷ് അഭിമുഖത്തിൽ നൽകി. പശ്ചിമ യു.പിയിലും കർഷകർക്കിടയിലും ഗണ്യമായ സ്വാധീനമുള്ള രാഷ്ട്രീയ ലോക്ദളുമായി സഖ്യം രൂപപ്പെടുത്തി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സീറ്റു പങ്കിടൽ ചർച്ചകളാണ് ഇനി അന്തിമ ഘട്ടത്തിലേക്ക് നീങ്ങേണ്ടത്. തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കിയ അമ്മാവൻ ശിവ്പാൽ യാദവ് സമാജ്വാദി പാർട്ടിയിൽ തിരിച്ചെത്തിയാൽ അർഹിക്കുന്ന പരിഗണന നൽകുമെന്നും അഖിലേഷ് പറഞ്ഞു. പ്രഗതിശീൽ സമാജ്വാദി പാർട്ടി ലോഹ്യ എന്നാണ് ശിവ്പാലിെൻറ പാർട്ടിയുടെ പേര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.