യു.പിയിലെ കോവിഡ് മരണ കണക്കുകളിൽ വ്യത്യാസം; യോഗി സർക്കാർ മുഖം മറയ്ക്കുന്നുവെന്ന് അഖിലേഷ് യാദവ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കോവിഡിെൻറ യഥാർഥ മരണസംഖ്യ ഒളിച്ചുവെക്കുന്നതായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇതിലൂടെ ബി.ജെ.പി സർക്കാർ യഥാർഥത്തിൽ മുഖം മറയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ 24 ജില്ലകളിൽ 2020 ജൂലൈ ഒന്നുമുതൽ 2021 മാർച്ച് 31 വരെയുള്ള കോവിഡ് മരണത്തിെൻറ ഒൗദ്യോഗിക കണക്കുകളേക്കാൾ 43 മടങ്ങ് വലുതാണ് യഥാർഥ മരണസംഖ്യയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം. കോവിഡ് മരണത്തിൽ ഒമ്പതു മാസത്തെ ജില്ല ഭരണകൂടത്തിെൻറ കണക്കുകൾ സിവിൽ രജിസ്ട്രേഷൻ സിസ്റ്റവുമായി താരതമ്യം നടത്തിയതിെൻറ അടിസ്ഥാനത്തിലായിരുന്നു മരണക്കണക്കിലെ വ്യത്യാസം. രണ്ടു ഭരണകൂടങ്ങളിലും വിവാരാവകാശപ്രകാരം കണക്കുകൾ ശേഖരിക്കുകയായിരുന്നു.
'വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം, ഉത്തർപ്രദേശിലെ 24 ജില്ലകളിലെ മാർച്ച് 31 വരെയുള്ള കോവിഡ് മരണസംഖ്യ യഥാർഥത്തിൽ ഒൗദ്യോഗിക കണക്കുകളേക്കാൾ 43 മടങ്ങ് അധികമാണ്. യഥാർഥത്തിൽ ബി.ജെ.പി സർക്കാർ മരണകണക്കുകൾ മറച്ചുവെക്കുക മാത്രമല്ല, അതിെൻറ മുഖം മറയ്ക്കുക കൂടിയാണ്' -അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
സർക്കാർ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിലെ കോവിഡ് മരണസംഖ്യ 22,224 ആണ്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,04,476 ആണ്. എന്നാൽ യഥാർഥ കണക്കുകൾ ഇതിനേക്കാൾ കൂടുതലാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.