അഖിലേഷിനെതിരെ രണ്ടാനമ്മ ആഭിചാരം പ്രയോഗിക്കുന്നുവെന്ന് എസ്.പി നേതാവ്
text_fieldsലഖ്നോ: സമാജ്വാദി പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് മുലായം സിങ് യാദവ് പുറത്തുപോകണമെന്നും പകരം മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ തൽസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിയമസഭാംഗത്തിെൻറ കത്ത്. എം.എൽ.സി ഉദയ്വീർ സിങ്ങാണ് മുലായം നേതൃത്വസ്ഥാനത്ത് വേണ്ടെന്ന അഭിപ്രായമറിയിച്ചുെകാണ്ട് കത്ത് നൽകിയത്. കത്തിൽ തെൻറ വ്യക്തിപരമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയതെന്നും എന്നാൽ പാർട്ടി സഹപ്രവർത്തകരിൽ ഭൂരിഭാഗം പേരും ഇച്ഛിക്കുന്നത് അതുതന്നെയാണെന്നും സിങ് മാധ്യമങ്ങളോട് പറഞ്ഞു.
അഖിലേഷിനെതിരെ രണ്ടാനമ്മ സാധന ആഭിചാരപ്രയോഗം നടത്തുകയാണ്. പാർട്ടി സംസ്ഥാന അധ്യക്ഷനും മുലായം സിങ്ങിെൻറ സഹോദരനുമായ ശിവ്പാൽ സിങ് യാദവ് മുഖ്യമന്ത്രിയെന്ന നിലയിൽ അഖിലേഷിനുള്ള ജനപ്രീതിയിൽ അസൂയപ്പെടുകയാണെന്നും കത്തിൽ പരാമർശമുണ്ട്. രണ്ടാനമ്മ സാധനയുടെയും പിതൃസഹോദരൻ ശിവ്പാലിെൻറയും ആഭിചാരക്രിയകൾ മൂലമാണ് അഖിലേഷിന് ദോഷമുണ്ടാക്കുന്നതെന്നും ഉദയ്വീർ പറയുന്നു. പാർട്ടിക്ക് യുവനേതാക്കളെയാണ് ആവശ്യം. സമാജ്വാദി പാർട്ടിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവാണ് അഖിലേഷെന്നും ഉയദ്വീർ വ്യക്തമാക്കി.
അതേസമയം, മുലായം സിങ്ങിനും കുടുംബത്തിനുമെതിരെയുള്ള കത്തിനെതിരെ പാർട്ടി നേതാക്കൾ രംഗത്തെത്തി. ഇത്തരം കത്തെഴുതുന്നവർ 500 വോട്ടുകൾ പോലും ലഭിക്കാൻ യോഗ്യതയില്ലാത്തവരാണെന്ന് ആഷു മാലിക് പ്രസ്താവിച്ചു. പാർട്ടി അധ്യക്ഷനെതിരായ പരാമർശം ക്ഷമിക്കാൻ കഴിയുന്നതല്ല. അച്ചടക്കലംഘനമാണ് ഉദയ്വീർ സിങ് നടത്തിയിരിക്കുന്നതെന്നും ആഷു മാലിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.