മുഖ്യമന്ത്രി യോഗിയുടെ വസതിക്കു താഴെ ശിവലിംഗമുണ്ട്; കുഴിച്ച് പരിശോധന നടത്തണമെന്നും അഖിലേഷിന്‍റെ പരിഹാസം
text_fieldsലഖ്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ലഖ്നോവിലെ ഔദ്യോഗിക വസതിക്കു താഴെ ശിവലിംഗമുണ്ടെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഖനനം നടത്തി പരിശോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ മസ്ജിദുകൾക്കടിയിൽ ശിവലിംഗം ആരോപിച്ച് രാജ്യത്ത് വർഗീയ വിഭജനത്തിന് ശ്രമിക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭൽ മസ്ജിദിലെ സർവേ നടപടി മതവികാരം വ്രണപ്പെടുത്തുന്നതും സമുദായമൈത്രി തകർക്കുന്നതുമാണെന്ന് എസ്.പി നേതാവ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ‘മുഖ്യമന്ത്രിയുടെ ലഖ്നോവിലെ വസതിക്ക് അടിയിൽ ശിവലിംഗമുണ്ട്. ഇക്കാര്യം നമുക്കറിയുന്നതാണ്. അവിടെ ഖനനം നടത്തി പരിശോധിക്കണം’ -അഖിലേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ ഉത്തരത്തിൽ സർവേ ഇനിയും തുടരും. കുഴിച്ച് കുഴിച്ച് ഒരിക്കൽ സ്വന്തം സർക്കാറിന്‍റെ അടിവേര് ഇളക്കിയാകും ഇതിന്‍റെ അവസാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭൽ ശാഹി മസ്ജിദിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് ജനുവരി ആദ്യം കോടതിയിൽ സമർപ്പിക്കുമെന്ന് കോടതി നിയോഗിച്ച കമീഷണർ അഡ്വ. രമേശ് സിങ് രാഘവ് അറിയിച്ചിരുന്നു. റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണെന്നും ജനുവരി രണ്ടിനോ മൂന്നിനോ സമർപ്പിക്കുമെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കി. നവംബർ 19 നാണ് സംഭൽ ശാഹി മസ്ജിദിൽ അഡ്വക്കറ്റ് കമീഷണറുടെ മേൽനോട്ടത്തിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടത്.
മുഗൾ ചക്രവർത്തി ബാബർ ഹിന്ദുക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദു വിഭാഗം നൽകിയ ഹരജിയെ തുടർന്നായിരുന്നു നടപടി. നവംബർ 24ന് രണ്ടാം ഘട്ട സർവേക്കിടെ അഞ്ചുപേർ വെടിയേറ്റ് മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.