ന്യായ് യാത്രയിൽ പങ്കെടുക്കില്ലെന്ന സൂചനയുമായി അഖിലേഷ്
text_fieldsലഖ്നോ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര യു.പിയിലെത്തുമ്പോൾ ഇൻഡ്യ സഖ്യകക്ഷിയായ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പങ്കെടുക്കില്ലെന്ന് സൂചന. കോൺഗ്രസും ബി.ജെ.പിയും അവരുടെ ചടങ്ങുകൾക്ക് വിളിക്കാറില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. സമാജ്‍വാദി പാർട്ടിയുടെ ‘സംവിധാൻ ബച്ചാവോ’ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ അഖിലേഷ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യു.പിയിലെ ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്രയിലൂടെ അംബേദ്കറുടെയും ലോഹ്യയുടെയും മുലായം സിങ് യാദവിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അഖിലേഷ് പറഞ്ഞു. ഫെബ്രുവരി 14നാണ് ന്യായ് യാത്ര യു.പിയിലെത്തുന്നത്.
കോൺഗ്രസും എസ്.പിയുമായി സീറ്റ് ചർച്ച
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിലെ സീറ്റു പങ്കിടൽ സാധ്യതകളെക്കുറിച്ച് കോൺഗ്രസും സമാജ്വാദി പാർട്ടിയുമായി ചർച്ച. വിവിധ പാർട്ടികളുമായി സംസാരിക്കുന്നതിന് കോൺഗ്രസ് ചുമതലപ്പെടുത്തിയ കമ്മിറ്റിയെ നയിക്കുന്ന മുകുൾ വാസ്നിക്, സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച ചർച്ച നടന്നത്. ചർച്ച മുന്നോട്ടുതന്നെയാണെന്നും പ്രതീക്ഷ നൽകുന്നുവെന്നും നേതാക്കൾ വിശദീകരിച്ചു.
സീറ്റു പങ്കിടൽ ചർച്ചക്ക് അനുകൂലമായ സൗഹാർദ അന്തരീക്ഷമാണ് തുടക്കത്തിൽ ലക്ഷ്യമിട്ടതെന്നും സീറ്റു ധാരണകൾ ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നുവെന്നും ചർച്ചയിൽ പങ്കെടുത്ത സൽമാൻ ഖുർശിദ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.