ജാവേദ് മുഹമ്മദിന്‍റെ വീട് ഇടിച്ചു നിരത്തിയതിനെതിരെ അഖിലേഷ് യാദവ്
text_fieldsലഖ്നോ: ബി.ജെ.പിയുടെ ബുൾഡോസർ രാജിനെതിരെ രൂക്ഷവിമർശനവുമായി സമാജ് വാദിപാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ബി.ജെ.പിയുടെ ബുൽഡോസർ രാജ് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്‍റെ വീട് പ്രയാഗ് രാജ് ഡെവലപ്മെന്‍റ് അതോറിറ്റി ബുൾഡോസർ ഉപയോഗിച്ച് തകർത്ത സംഭവത്തിലാണ് അഖിലേഷ് യാദവിന്‍റെ പ്രതികരണം.
'ഭരണഘടനയും നിയമങ്ങളും ബി.ജെ.പിയുടെ ബുൾഡോസർ രാജിനെ അവസാനിപ്പിക്കും. നികുതി അടക്കുന്ന വീടാണ് അവർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു കളഞ്ഞത്. കുറ്റാരോപിതന്‍റെ ഭാര്യയുടെ പേരിലാണ് വീടെന്നാണ് രേഖകൾ കാണിക്കുന്നത്. സർക്കാർ തങ്ങളുടെ തെറ്റ് അംഗീകരിക്കുമോയെന്നും ബുൾഡോസ് ചെയ്ത വീടുകൾ പുനർനിർമ്മിച്ച് നൽകുമോ എന്നുമാണ് ചോദിക്കുന്നതെന്നും സമാജ് വാദി പാർട്ടി നേതാവ് പറഞ്ഞു.
യഥാർഥ ഹിന്ദു മറ്റൊരു മതത്തെ അപമാനിക്കില്ലെന്നും ഭരണഘടനയും നിയമവും അത് അനുവദിക്കുന്നില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രയാഗ് രാജിൽ നടന്ന പ്രതിഷേധങ്ങളുടെ ആസൂത്രകൻ എന്നാരോപിച്ചാണ് ജാവേദ് മുഹമ്മദിന്‍റെ വീട് പ്രയാഗ് രാജ് ഡെവലപ്മെന്‍റ് അതോറിറ്റി ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. അനധികൃതമായി നിർമിച്ച വീട് ആണ് തകർത്തതെന്നാണ് അധികൃതരുടെ വാദം.
എന്നാൽ, വീട് ജാവേദിന്റെ ഭാര്യയുടെ പേരിലായതിനാൽ പൊളിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം അഭിഭാഷകർ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. വീട് പൊളിക്കുന്നത് സംബന്ധിച്ച് നേരത്തെ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും 20 വർഷമായി നികുതി അടക്കുന്ന വീടാണ് പൊളിച്ചതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിർദേശം നൽകിയതിന് പിന്നാലെ കുറ്റമാരോപിക്കപ്പെട്ട രണ്ട് പേരുടെ വീടുകൾ ബുൽഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.