രാഷ്ട്രീയ എതിരാളികളെ യോഗി അപകീർത്തിപ്പെടുത്തുന്നു –അഖിലേഷ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ രാഷ്ട്രീയ എതിരാളികളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സമാജ്വാദി പാർട്ടി (എസ്.പി) പ്രസിഡൻറ് അഖിലേഷ് യാദവ്. ഭാവിയിൽ, ബി.ജെ.പി സർക്കാറിന് വിതച്ചത് കൊയ്യേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.
ജൽ നിഗം നിയമനവുമായി ബന്ധെപ്പട്ട് മുതിർന്ന എസ്.പി നേതാവ് അഅ്സം ഖാനെതിരെ നടത്തുന്ന നീക്കമാണ് അഖിലേഷ് യാദവിനെ ചൊടിപ്പിച്ചത്. 2016-17 കാലത്ത് അഅ്സം ഖാനും കൂട്ടരും 1300 പേരെ ജൽ നിഗമിൽ വിവിധ തസ്തികകളിൽ ചട്ടവിരുദ്ധമായി നിയമിച്ചുവെന്നാണ് ആരോപണം. തൊഴിലവസരമുണ്ടാക്കാത്ത യോഗി സർക്കാർ അത് നൽകുന്നവരെ പ്രതിക്കൂട്ടിലാക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി നുണ പറയുകയാണ്. കഴിഞ്ഞദിവസം യോഗി ഉദ്ഘാടനംചെയ്ത ഗാസിയാബാദിലെ നവീകരിച്ച റോഡ് നേരത്തെ ഉദ്ഘാടനം ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബവാഴ്ചയുടെ ഭാഗമായാണ് ഞാൻ ഇവിടെ നിൽക്കുന്നത് എന്ന കാര്യം സമ്മതിക്കുന്നു. എന്നാൽ, ജനത്തിനുമുന്നിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. പരിവാറുകാരനല്ലെങ്കിൽ ഇത്രയും ഉയരത്തിൽ ആദിത്യനാഥിന് എത്താനാകുമായിരുന്നോ? അദ്ദേഹം ചോദിച്ചു.
ബി.എസ്.പി-എസ്.പി സഖ്യം ബി.ജെ.പിയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ 45 പാർട്ടികൾ തമ്മിൽ ഇത്തരം ധാരണയുണ്ടായാൽ എന്തു സംഭവിക്കുമെന്നാണ് അവർ അമ്പരക്കുന്നത്. വരുന്ന നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുമായി സഖ്യം തുടരുമോയെന്ന ചോദ്യത്തിന് പക്ഷേ, അഖിലേഷ് മറുപടി നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.