അഖിലേഷും അമ്മാവനും മുലായം സിങ്ങും ഒരുമിച്ച് നിൽക്കുന്ന ചിത്രം വൈറലാകുന്നു
text_fieldsലക്നോ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ശക്തമാകുന്നതിനിടെ സമാജ്‌വാദി പാർട്ടിയുടെ ഒരു പ്രചാരണറാലിയിലുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സമാജ് വാദി പാർട്ടിനേതാക്കളായ അഖിലേഷ് യാദവും പിതാവ് മുലായം സിംങ് യാദവും അമ്മാവൻ ശിവ്‌പാൽ സിംങ് യാദവും ഒരുമിച്ചു നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നത്. അഞ്ചു വർഷത്തിനു ശേഷം ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂവർ സംഘത്തിന്‍റെ ചിത്രം ഉപയോഗിക്കുന്നത്.
2016 ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'സമാജ്‌വാദി വികാസ് രഥ്'" റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് വേണ്ടിയാണ് ഇതിന് മൂന്‍പ് മൂവരും ഒരുമിച്ച് ഒരു പൊതുവേദിയിലെത്തിയത്.
2016ലുണ്ടായ അധികാര തർക്കത്തെത്തുടർന്ന് ശിവ്‌പാൽ സിംങ് യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും തുടർന്ന് അദ്ദേഹം സ്വന്തമായി പാർട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ ശിവ്‌പാലിന്‍റെ നേതൃത്വത്തിലുള്ള 'പ്രഗതിശീൽ സമാജ് വാദി പാർട്ടി'ക്ക് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് ഒരു സീറ്റുപോലും നേടാൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് സംസ്ഥാനത്ത് നിന്ന് ബി.ജെ.പിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ അഖിലേഷും ശിവ്പാലും ഒറ്റക്കെട്ടായി പ്രവർത്തിക്കാന്‍ തീരുമാനിച്ചതോടെ ഇവർക്കിടയിലുള്ള ഭിന്നതകൾ ഔദ്യോഗികമായി അവസാനിച്ചിരുന്നു. എങ്കിലും ഇരുവരും ഒരുമിച്ച് ഒരു പൊതുവേദി ഇതുവരെ പങ്കിട്ടിരുന്നില്ല.
ഇന്നലെ ഇറ്റാവയിലെ ലയൺ സഫാരിയിൽ നിന്ന് ആരംഭിച്ച 'സമാജ്‌വാദി വിജയ് രഥ്' റാലിയിൽ മൂവരും ഒരുമിച്ച് പങ്കെടുക്കുകയും സംസ്ഥാനത്ത് സമാജ്‌വാദി ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. ശിവ്പാൽ സിങ് യാദവിന്‍റെ തിരിച്ചുവരവ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദിയെ ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്ത് നിന്ന് ബി.ജെ.പിയെ മായ്ച്ചുകളയാന്‍ സഹായിക്കുമെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.
ഉത്തർപ്രദേശിൽ രണ്ടുഘട്ടങ്ങളിൽ വോട്ടെടുപ്പ് അവസാനിച്ചു. ഇനി നടക്കാനുള്ള അഞ്ച് ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 20, 23, 27, മാർച്ച് 3, 7 തീയതികളിലായി നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.