പ്രതിഷേധം അലയടിച്ച് ‘ആക്രോശ് ദിവസ്’
text_fieldsന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്‍െറ നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷം ആഹ്വാനം ചെയ്ത ‘ആക്രോശ് ദിവസി’ല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പി. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ടി.എം.സി, എ.ഐ.എ.ഡി.എം.കെ, ബി.എസ്.പി, എസ്.പി തുടങ്ങിയ 12 പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലികളും സമരവും ഉണ്ടായില്ല. പകരം ഓരോ പാര്‍ട്ടിയും തങ്ങളുടെ സ്വാധീന മേഖലകളില്‍ വെവ്വേറെ പ്രതിഷേധം സംഘടിപ്പിച്ചു. അഖിലേന്ത്യാ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ലമെന്‍റ് വളപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എം.പിമാര്‍ പ്രകടനം നടത്തി.
കേരളം, ത്രിപുര എന്നിവിടങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബന്ദായി മാറി. ബംഗാളില്‍ ഭാഗിക പ്രതികരണം മാത്രമാണ് ഉണ്ടായത്. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. പ്രതിഷേധ റാലി നയിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി മുന്‍നിരയില്‍ അണിനിരന്നു. ‘ആക്രോശ് ദിവസി’ന്‍െറ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ റാലിയും ധര്‍ണയും സംഘടിപ്പിച്ചു. യു.പിയില്‍ എസ്.പിയും വെവ്വേറെ റാലികളും ധര്‍ണയും നടത്തി. ബിഹാറില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍, മഹാസഖ്യത്തിന്‍െറ ഘടകകക്ഷി നിതീഷിന്‍െറ ജെ.ഡി.യു മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുത്തില്ല.
ബിഹാറില്‍ സി.പി.ഐ (എം.എല്‍) നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രതിഷേധ ധര്‍ണ നടന്നു. തമിഴ്നാട്ടില്‍ ഡി.എം.കെയുടെയും എ.ഐ.എ.ഡി.എം.കെയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. ഡല്‍ഹിയില്‍ സി.പി.എം, സി.പി.ഐ എന്നീ ഏഴ് ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ റാലി സംഘടിപ്പിച്ചു. സീതാറാം യെച്ചൂരി, സുധാകര്‍ റെഡ്ഡി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡല്‍ഹിയില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തിയ എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഭൂമി ഇടപാടും അക്കൗണ്ടിലെ നിക്ഷേപവും ന്യായീകരിച്ച് ബി.ജെ.പി
ന്യൂഡല്‍ഹി: കറന്‍സി നിരോധനത്തിന് തൊട്ടുമുമ്പ് ബിഹാറില്‍ നടത്തിയ ഭൂമി ഇടപാടുകള്‍ക്ക് ന്യായീകരണവുമായി രംഗത്തുവന്ന ബി.ജെ.പി വൃത്തങ്ങള്‍ രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും ഭൂമി വാങ്ങി ഓഫിസ് വെക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതാണെന്ന് വ്യക്തമാക്കി. ബി.ജെ.പി അക്കൗണ്ടുകളില്‍ പണമുള്ളതില്‍ നിയമവിരുദ്ധമായി ഒന്നുമില്ളെന്നും പാര്‍ട്ടി അവകാശപ്പെട്ടു. 600 ജില്ലകളിലും പാര്‍ട്ടി സ്വന്തമായി ഓഫിസ് ഉണ്ടാക്കുമെന്ന് 2013ല്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചതാണെന്നും ഭൂമി ഇടപാട് വിവാദമാക്കേണ്ട കാര്യമില്ളെന്നും പ്രമുഖ ബി.ജെ.പി നേതാവ് പറഞ്ഞു. കോണ്‍ഗ്രസിന് രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും ഓഫിസ് ഉണ്ടാക്കാന്‍ കഴിയാത്തതിന് ബി.ജെ.പിയെ വിമര്‍ശിക്കുകയാണെന്ന് അദ്ദേഹം തുടര്‍ന്നു. ബി.ജെ.പി അക്കൗണ്ടുകളിലെ പണത്തിന്‍െറ കണക്ക് ചോദിക്കുന്നതും ചോദ്യം ചെയ്ത നേതാവ്, ആദായ നികുതിയില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴിവാണെന്ന കാര്യം അറിയാത്തതുകൊണ്ടാണിതെന്ന് പരിഹസിക്കുകയും ചെയ്തു.
ബംഗാളില്‍ ഹര്‍ത്താല്‍ പരാജയം; തുറന്നു സമ്മതിച്ച് സി.പി.എം
കൊല്‍ക്കത്ത: നോട്ട് നിരോധനത്തിനെതിരെ ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബംഗാളില്‍ ജനം സ്വീകരിച്ചില്ളെന്ന് മുതിര്‍ന്ന സി.പി.എം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ബിമന്‍ ബസു. മുന്‍ അനുഭവങ്ങളില്‍നിന്ന് വ്യത്യസ്തമായി ബംഗാളില്‍ ഹര്‍ത്താലിന് കാര്യമായ പ്രതികരണം ഉണ്ടാകാതെ പോയ സാഹചര്യത്തിലാണ് സി.പി.എം നേതാവ് പരാജയം തുറന്നു സമ്മതിച്ചത്. ഹര്‍ത്താല്‍ ആഹ്വാനം തെറ്റായിപ്പോയി. ജനങ്ങളുടെ സഹകരണം ലഭിച്ചില്ല. എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കുമെന്നും ബിമന്‍ ബസു പറഞ്ഞു. നോട്ട് നിരോധനത്തിന് എതിരാണെങ്കിലും ഇടതുപാര്‍ട്ടികളുടെ ഹര്‍ത്താലിനെ തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.