കോവിഡ് വ്യാപനം: തിഹാർ ജയിലിൽ സേവന സന്നദ്ധത അറിയിച്ച് തടവുകാരനായ ഡോക്ടർ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സേവന സന്നദ്ധത അറിയിച്ച് തിഹാർ ജയിലിലെ തടവുകാരനായ ഡോക്ടർ. ഇക്കാര്യം ചൂണ്ടിക്കാട്ടി തടവുകാരനായ ഡോ. സബീൽ അഹമ്മദ് സ്പെഷ്യൽ കോടതി ജഡ്ജി ദർമേന്ദർ റാണ മുമ്പാകെ പ്രത്യേക അപേക്ഷ നൽകി. ഗുരുതര മെഡിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഏഴു വർഷത്തെ പരിചയമുള്ള എം.ബി.ബി.എസ് ഡോക്ടറാണ് സബീൽ അഹമ്മദ്.
കോവിഡ് കേസുകളുടെ കൈകാര്യം ചെയ്യുന്നതിനും തിഹാർ സെൻട്രൽ ജയിലിലെ തടവുകാരുടെ ചികിത്സക്കും മെഡിക്കൽ പ്രഫഷണലായ സബീലിന്‍റെ പരിചയവും വൈദഗ്ധ്യവും സഹായകമാകുമെന്നും അഭിഭാഷകൻ എം.എസ് ഖാൻ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. വൈദ്യ ചികിത്സകൾക്കായി ജയിൽ അധികൃതരെ സഹായിക്കാൻ സബീലിന് അനുമതി നൽകാൻ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടുന്നു.
2007 ജൂൺ 30ന് യു.കെ ഗ്ലാസ്ഗോവ് വിമാനത്താവളത്തിൽ നടന്ന ചാവേർ ആക്രമണവുമായി ബന്ധപ്പെട്ടാണ് സബീൽ അഹമ്മദ് കുറ്റാരോപിതനാകുന്നത്. 2020 ആഗസ്റ്റ് 20ന് സൗദി അറേബ്യ പുറത്താക്കിയ സബീലിനെ ബംഗളൂരു സ്ഫോടന കേസിലാണ് എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയിലും വിദേശത്തും നിരോധിത ഭീകരസംഘടന അൽ ക്വയ്ദക്ക് സാമ്പത്തികം അടക്കമുള്ള സഹായം ചെയ്തെന്ന കേസിൽ ഫെബ്രുവരി 22നാണ് സബീലിനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.