ഗാസിപൂർ ബോംബ് ഭീഷണി: അൽ ഖാഇദയുമായി ബന്ധമുള്ള സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ഗാസിപൂർ മാണ്ഡി ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് അൽ ഖാഇദയുമായി ബന്ധമുള്ള അൻസാർ ഖസ് വത്തുൽ ഹിന്ദിന്‍റെ അവകാശവാദം വ്യാജമാണെന്ന് ഡൽഹി പൊലീസ്. ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ അൻസാർ ഖസ് വത്തുൽ ഹിന്ദ് ആണോ എന്ന് അന്വേഷിച്ച് വരികയാണെന്നും ഭീകരവിരുദ്ധ സ്ക്വാഡ് പ്രത്യേക സെല്ലിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാസിപൂർ ഫ്ലവർ മാർക്കറ്റിൽ നിന്ന് ഒരു ബാഗ് നിറയെ സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തത്. സ്‌ഫോടനത്തിനായി ആർ.ഡി.എക്‌സ്, അമോണിയ നൈട്രേറ്റ് എന്നിവയുടെ മിശ്രിതമാണ് ഉപയോഗിച്ചതെന്ന് എൻ.എസ്.ജി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിന് പിന്നിലെ ഭീകരസംഘടനയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെ മാർക്കറ്റിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും എൻ.എസ്.ജി സംഘം ഐ.ഇ.ഡി നിർവീര്യമാക്കുകയും ചെയ്തിരുന്നു. സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്ഫോടനവസ്തുക്കൾ കണ്ടെടുത്തതിന് പിന്നാലെ ആക്രമണ ശ്രമത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അൻസാർ ഖസ് വത്തുൽ ഹിന്ദിന്‍റേത് അവകാശപ്പെടുന്ന കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അൻസാർ ഖസ് വത്തുൽ ഹിന്ദ് പുതിയ സംഘടനയാണെന്നും കത്തിന്‍റെ ഉറവിടം കണ്ടെത്തിയിട്ടില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.