അലൻ-താഹ കേസ്: പുസ്തകമോ ബാനറോ നോട്ടീസോ കിട്ടിയാൽ യു.എ.പി.എ ചുമത്താമോയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പുസ്തകങ്ങളോ ബാനറുകളോ നോട്ടീസുകളോ കണ്ടെടുക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്താൽ ഒരാൾക്കെതിരെ ഭീകരനിയമമായ യു.എ.പി.എ ചുമത്താൻ കഴിയുമോ എന്ന് സുപ്രീംകോടതി. ഇതിലുടെ ഒരാളുടെ നിരോധിത സംഘടനയിലെ അംഗത്വവും പ്രവർത്തനങ്ങളും തെളിയിക്കാനാകുമോ എന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ്. ഒാഖ എന്നിവരടങ്ങുന്ന ബെഞ്ച് പന്തീരാങ്കാവ് മാവോവാദി കേസിനിടെ ചോദിച്ചു.
അലൻ ശുഐബിന് കേരള ഹൈകോടതി ജാമ്യം അനുവദിച്ചതിനെതിരെ ദേശീയ അന്വേഷണ സമിതി (എൻ.ഐ.എ) നൽകിയ ഹരജിയിലും തനിക്ക് ഹൈകോടതി ജാമ്യം നിഷേധിച്ചതിനെതിരെ താഹ ഫസൽ നൽകിയ ഹരജിയിലും വാദം കേൾക്കുകയായിരുന്നു കോടതി. 20കളുടെ തുടക്കത്തിലുള്ള ആൺകുട്ടികളാണ് അലനും താഹയും. അവരുടെ അടുത്ത് വല്ലതുമൊക്കെയുണ്ടാകും.
അതെന്ന് കരുതി എന്തെങ്കിലും അനുമാനം മാത്രം വെച്ച് അവരെ തടവിലിടാനാവുമോ എന്നും ബെഞ്ച് ചോദിച്ചു. സി.പി.െഎ (മാവോയിസ്റ്റ്) ഒരു നിയമവിരുദ്ധ സംഘടനയാണോ എന്ന് ചോദിച്ച ബെഞ്ചിനോട് അതൊരു ഭീകരസംഘടനയാണെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു മറുപടി നൽകി. കക്ഷികൾക്കും എൻ.െഎ.എക്കും വാദം എഴുതി സമർപ്പിക്കാൻ അഞ്ച് ദിവസം നൽകി കേസ് വിധി പറയാൻ മാറ്റി.
കേസിൽ രണ്ടാം പ്രതിയായ താഹ ഫസലിെൻറ വക്കാലത്ത് ഒഴിഞ്ഞ് ഒന്നാം പ്രതി അലൻ ശുഹൈബിെൻറ അഭിഭാഷകനായി മാറിയ മലയാളിയായ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ആർ. ബസന്ത് താഹക്കെതിരെ ഗുരുതരആരോപണങ്ങൾ നിരത്തി. താഹയുടെ ജാമ്യം റദ്ദാക്കി അലനു മാത്രം ജാമ്യം നൽകിയ ഹൈകോടതി വിധിയെ ന്യായീകരിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പോലും ഉന്നയിക്കാത്ത ഗുരുതര ആരോപണങ്ങളാണ് ബസന്ത് സുപ്രീംകോടതിയിൽ നടത്തിയത്.
സുപ്രീംകോടതിയിൽ പന്തീരാങ്കാവ് മാവോവാദി കേസിൽ ഇതിനു മുമ്പ് മൂന്നു തവണ താഹ ഫസലിന് വേണ്ടി ഹാജരായിരുന്നത് അഡ്വ. ബസന്തായിരുന്നു. കേരള ഹൈകോടതി അലെൻറയും താഹയുടെയും കാര്യത്തിൽ വേർതിരിവ് കാണിച്ചതിനെ ന്യായീകരിച്ച ബസന്ത് അതിനുള്ള കാരണങ്ങൾ നിരത്തിയാണ് എൻ.െഎ.എ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഗുരുതരമായതത്രയും താഹക്കെതിരെയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്്. രോഗിയായ, ഇളംപ്രായത്തിലുള്ള ഒന്നാം പ്രതിയായ അലനിൽ നിന്നും കണ്ടെടുത്തുെവന്ന് പറയുന്ന വസ്തുക്കൾ രണ്ടാം പ്രതിയായ താഹയിൽ നിന്നും കണ്ടെടുത്തതിനേക്കാൾ ഗൗരവം കുറഞ്ഞവയാണെന്ന് ബസന്ത് വാദിച്ചു.
എന്നാൽ അലൻ ശുഹൈബിനു മാത്രം ജാമ്യം സ്ഥിരെപ്പടുത്തിയതിനെ ന്യായീകരിച്ച് ബസന്ത് ഉന്നയിച്ച വാദങ്ങൾ എൻ.െഎ.എക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഖണ്ഡിച്ചു. താഹയെ പോലെ തന്നെ ഗൗരവമായ കുറ്റങ്ങളാണ് അലനെതിരെയും എൻ.െഎ.എ ഉന്നയിച്ചിട്ടുള്ളതെന്ന് രാജു ബോധിപ്പിച്ചു. മാവോവാദികൾക്കായി പാർട്ടി അംഗത്വ ഫീസ് അലൻ പിരിച്ചുവെന്നും പലരിൽ നിന്നും പണം പിരിച്ച് ഉന്നത മാവോവാദി നേതാക്കൾക്ക് കൈമാറിയെന്നുമുള്ള ആരോപണം അലനെതിരെയുണ്ടെന്നും എൻ.െഎ.എ ബോധിപ്പിച്ചു.
താഹയിൽനിന്ന് തന്നെ വേർതിരിച്ചു കണ്ടത് ന്യായമെന്ന് അലൻ
പന്തീരാങ്കാവ് മാവോവാദിക്കേസിൽ തനിക്കെതിരെയുള്ളതിനെക്കാൾ ഗൗരവമായ കുറ്റാരോപണങ്ങളാണ് രണ്ടാം പ്രതിയായ താഹ ഫസലിെനതിരെ ഉന്നയിച്ചിട്ടുള്ളതെന്നും അതുകൊണ്ടാണ് താഹയുടെ ജാമ്യം റദ്ദാക്കി തെൻറ ജാമ്യം ശരിവെച്ചതെന്നും ഒന്നാം പ്രതി അലൻ ശുഹൈബ് സുപ്രീംകോടതിയിൽ. കേസിൽ തന്നെ താഹയിൽ നിന്ന് തന്നെ വേർതിരിച്ചു കണ്ടതിന് ന്യായമുണ്ടെന്നും തനിക്ക് അനുകൂലമായി മാത്രം കേരള ഹൈകോടതി കാണിച്ച ഇൗ വേർതിരിവിൽ ഇടപെടരുതെന്നും അലൻ ശുഹൈബ് അഡ്വ. ആർ. ബസന്ത് മുഖേന സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. മൂന്നു ദിവസത്തെ വാദം പൂർത്തിയാക്കി ഇരുവരുടെയും ജാമ്യവിഷയം സുപ്രീംകോടതി വിധി പറയാൻ മാറ്റി.
നാലു കാരണങ്ങളാലാണ് അലനെ വേർതിരിച്ചു കണ്ടതെന്ന് ബോധിപ്പിച്ച അഭിഭാഷകൻ ബസന്ത് താഹ ഫസലിനെതിരെ അക്കമിട്ട് നിരത്തിയ വാദങ്ങളിതാണ്. അലെൻറ ഇളംപ്രായമാണ് ഒന്നാമത്തെ കാരണം. 2019 നവംബർ ഒന്നിന് അറസ്റ്റിലാകുേമ്പാൾ കൗമാര പ്രായത്തിെൻറ അവസാനത്തിലാണ് അലൻ. രണ്ടാമത്തേത് അലെൻറ മാനസിക പ്രശ്നങ്ങളാണ്.
ഇത് തെളിയിക്കാൻ ഹാജരാക്കിയ മനോരോഗ വിദഗ്ധെൻറ നാലു രേഖകളും അറസ്റ്റിന് മുമ്പ് അലന് നടത്തിയ ചികിത്സയുടേതാണ്. മൂന്നാമത്തെ കാരണം, ഒന്നാം പ്രതി അലൻ ശുഹൈബിൽ നിന്നും പിടികൂടിയതിലേറെ വസ്തുക്കൾ പിടികൂടിയത് രണ്ടാം പ്രതിയായ താഹ ഫസലിെൻറ പക്കൽ നിന്നാണ്. താഹക്കെതിരെ ചുമത്തിയ ഒരു വകുപ്പ് അലനെതിരെ ചുമത്താത്തതാണ് നാലാമത്തെ കാരണം എന്നും ബസന്ത് വാദിച്ചു.
ഇതിനൊപ്പം ആറു കാര്യങ്ങൾ വിലയിരുത്തിയാൽ ഇരുവർക്കുമെതിരായ കുറ്റങ്ങളുടെ വ്യത്യാസം മനസ്സിലാകുമെന്ന് അഡ്വ. ബസന്ത് വാദിച്ചു. ഒന്ന്) യു.എ.പി.എ 13ാം വകുപ്പ് പ്രകാരമുള്ള കുറ്റാേരാപണം താഹക്ക് മേലുണ്ട്. അലനെതിരെ 38, 39, 120(ബി) വകുപ്പുകൾ പ്രകാരമുള്ള കുറ്റാരോപണങ്ങളേയുള്ളൂ. രണ്ട്) സ്വന്തം പെയിൻറുപയോഗിച്ച് തെൻറ കൈപ്പടയിൽ താഹ ബാനറുകൾ എഴുതിയെന്ന് പറയുന്നു. എന്നാൽ അലനെഴുതിയിട്ടില്ല.
മൂന്ന്) എൻ.െഎ.എ ആരോപിച്ച മാവോവാദി അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യാനുള്ള നോട്ടീസിെൻറ 15 പകർപ്പുകൾ കണ്ടെടുത്തുവെന്ന് പറയുന്നത് താഹയുടെ പക്കൽ നിന്നാണ് അലെൻറ പക്കൽ നിന്നല്ല. നാല്) എൻ.െഎ.എ കണ്ടെടുത്ത വസ്തുക്കളുടെ വൈവിധ്യം. അഞ്ച്) പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം താഹക്കെതിരാണ്. അലനെതിരെയില്ല. ആറ്) പ്രധാന തെളിവായി എൻ.െഎ.എ ഹാജരാക്കിയ മിനുട്സ് കെണ്ടടുത്തതും താഹയിൽ നിന്നാണ്, അലനിൽ നിന്നല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.