മദ്യം വാങ്ങാൻ പണത്തിനായി ദമ്പതികൾ കുഞ്ഞിനെ വിറ്റു
text_fieldsറാഞ്ചി: ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ മദ്യത്തിനടിമകളായ ദമ്പതികൾ ഒന്നര മാസം പ്രായമായ ആൺ കുഞ്ഞിനെ 45,000 രൂപക്ക് വിറ്റു. മദ്യം വാങ്ങുന്നതിനായാണ് കുഞ്ഞിനെ ദമ്പതികൾ വിറ്റതെന്ന് ശിശുക്ഷേമ സമിതി കണ്ടെത്തി. ബോക്കാറിൽ അലക്കുകാരനായി ജോലിചെയ്യുന്ന രാജേഷ് ഹെംബോം എന്ന 30കാരനും അദ്ദേഹത്തിൻെറ 28കാരിയായ ഭാര്യയും ചേർന്നാണ് കുഞ്ഞിനെ വിറ്റത്. ദമ്പതികൾക്ക് പത്ത് വയസ്സിനു താഴെയുള്ള അഞ്ച് കുട്ടികളുണ്ട്. എന്നാൽ കുഞ്ഞിനെ വിറ്റതിനെ സംബന്ധിച്ച് വ്യക്തമല്ലാത്ത മറുപടിയാണ് പൊലീസിന് ഇവരിൽ നിന്നും ലഭിച്ചത്.
45,000 രൂപ നൽകി സന്തോഷ് സാഹിഷ് എന്നയാളാണ് ദമ്പതികളിൽ നിന്നും കുഞ്ഞിനെ വാങ്ങിയതെന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ദിരേന്ദ്ര കുമാർ പറഞ്ഞു. ചക്രധാർപൂരിൽ താമസിക്കുന്ന 50 വയസ്സുകാരനായ മേഘു മഹാതോ എന്നയാൾക്കാണ് കുഞ്ഞിനെ വിറ്റത്. മഹാതോക്ക് കുട്ടികളില്ല. സന്തോഷിനെയും മഹാതൊയെയും ബൊക്കാറോ ജയിലിലേക്ക് അയച്ചു. കുഞ്ഞിനെ മാതാപിതാക്കൾക്ക് തന്നെ ഏൽപിച്ചു. കർശന നിർദേശങ്ങളോടെയാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറിയത്.
ദാരിദ്ര്യം രൂക്ഷമായ ഝാർഖണ്ഡിലെ ഗ്രാമീണ മേഖലകളിൽ ശിശു വ്യാപാരം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. 2015 ജൂലൈയിൽ റാഞ്ചിയിൽ ആറുമാസം പ്രായമായ ഒരു കുഞ്ഞിനെ 15,000 രൂപയ്ക്ക് വിറ്റിരുന്നു. സ്റ്റാമ്പ് പേപ്പറിൽ കരാർ എഴുതിയായിരുന്നു വിൽപന. കുട്ടികളെ കടത്തുന്നവരും നിർബ്ബന്ധിത വാടക ഗര്‍ഭധാരണം നടത്തുന്നതുമായ റാക്കറ്റുകൾ ഝാർഖണ്ഡിൽ ശക്തമാണ്. ആദിവാസി സമൂഹമാണ് ഇവരുടെ ചൂഷണത്തിന് കൂടുതലും ഇരയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.