പൊന്നുമോളെ തിരിച്ചു തന്നതിന് വനിതാ കോൺസ്റ്റബിളിനോട് നന്ദി പറഞ്ഞ് മതിവരാതെ റിജ്ബാൻ
text_fieldsമുംബൈ മഹാനഗരത്തിലെ ആൾക്കടലിൽ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടാൽ പിന്നീട് തിരിച്ചുകിട്ടുകയെന്നത് മണൽതിട്ടയിൽ നിന്ന് പഞ്ചസാര തരി കണ്ടെത്തുന്നത് പോലെ പ്രയാസമാണ്. അതറിയാവുന്നത് കൊണ്ടാണ് റിജ്ബാൻ സഫാദ് ഖാൻ തെൻറ പൊന്നുമോൾക്കായി ജീവൻ കളയാനും തയാറായത്. എന്നാൽ, സമയോചിതമായി പ്രവർത്തിച്ച റെയിൽവെ സുരക്ഷാ സേന രക്ഷകരായി അവതരിച്ചത് കൊണ്ട് റിജ്ബാന് ജീവനും പൊന്നുമോളെയും തിരിച്ചു കിട്ടി.
മുമ്പ്ര സ്റ്റേഷനിലാണ് സംഭവം. ആറു വയസുകാരി മകളോടൊപ്പം ട്രെയിൻ കയറാൻ നിൽക്കുകയായിരുന്നു റിജ്ബാൻ. ട്രെയിൻ എത്തിയപ്പോൾ കയറാൻ പതിവുപോലെ തിരക്കായിരുന്നു. ട്രെയിനിെൻറ വാതിലിലെ ആൾതിരക്കിനിടയിലൂടെ മകളെ അകത്തേക്ക് ആദ്യം തള്ളി കയറ്റിവെച്ചു റിജ്ബാൻ. എന്നാൽ, അവർക്ക് അകത്തേക്ക് കയറാനാകുന്നതിന് മുമ്പ് ട്രെയിൻ മുന്നോട്ട് നീങ്ങിത്തുടങ്ങി. മകൾ ട്രെയിനിനകത്തും ഉമ്മ റിജ്ബാൻ പുറത്തും. പരിഭ്രാന്തയായ റിജ്ബാൻ ആവുന്നത്ര ശക്തിയെടുത്ത് അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ചു. ചുവടുപിഴച്ച അവരെ ട്രെയിനിനുള്ളിലേക്ക് വീഴാതെ രക്ഷിച്ചത് സമീപത്തുണ്ടായിരുന്ന റെയിൽവെ സുരക്ഷ സേനയാണ്. പരിഭ്രാന്തയായ ആ ഉമ്മ ട്രെയിനിന് പിറകെ ഒാടി അപകടമുണ്ടാക്കാതെ രക്ഷിച്ചതും അവർ തന്നെയാണ്.
ഉമ്മ ട്രെയിനിൽ കയറിയിട്ടില്ലെന്നറിഞ്ഞ ആറു വയസുകാരി നിലവിളിച്ച് പുറത്തേക്ക് ചാടാൻ ഒരുങ്ങുന്നത് കണ്ട വനിതാ കോൺസ്റ്റബിൾ അനുരാധ പഗോട്ട രണ്ടാമതൊന്ന് ആലോചിക്കാതെ ഒാടുന്ന ട്രെയിനിലേക്ക് കുതിച്ചെത്തി ചാടികയറി. നിലവിളിക്കുന്ന കുഞ്ഞുമോളെ സമാധാനിപ്പിച്ച് അടുത്ത സ്റ്റേഷൻ വരെ കൂടെ യാത്ര ചെയ്തു. തിരിച്ചെത്തിച്ച് ഉമ്മ റിജ്ബാെൻറ കൈകളിൽ പൊന്നുമോളെ ഏൽപിച്ചപ്പോൾ എങ്ങനെ നന്ദി പറയണമെന്നറിയാതെ വിതുമ്പുകയായിരുന്നു അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.