ദ്വീപ് പറഞ്ഞു: ഞങ്ങൾക്കിവിടെ ഇന്ത്യക്കാരായി ജീവിച്ചുമരിച്ചാൽ മതി
text_fieldsലക്ഷദ്വീപിൽ പെരുന്നാളുകൾക്ക് സമാനമായ ആഘോഷമാണ് ആഗസ്റ്റ് 15ന് നടക്കാറുള്ളത്. അസ്വാതന്ത്ര്യങ്ങളുടെ നടുവിലാണ് ഇത്തവണ ദ്വീപുകാരുടെ സ്വാതന്ത്ര്യദിനാഘോഷമെന്ന് പറയുകയാണ് പത്മശ്രീ ജേതാവായ അലി മണിക്ഫാൻ
1947 ആഗസ്റ്റ് മാസം ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കാലത്ത് എനിക്ക് ഒമ്പതു വയസ്സാണ്. എെൻറ പിതാവ് മൂസ മണിക്ഫാന്‍ മിനിക്കോയ് ദ്വീപിലെ ആമീന്‍ ആയിരുന്നു. മണിക്ഫാന്‍ വിഭാഗം ഭരണചുമതല നിര്‍വഹിക്കുന്നവരാണ്. അങ്ങനെയാണ് എെൻറ പിതാവ് ആമീനായി നിയമിക്കപ്പെടുന്നത്.
1947 ആഗസ്റ്റില്‍ നേവിയുടെ ഒരു കപ്പല്‍ ഞങ്ങളുടെ തീരത്തെത്തി. അതില്‍ ഏതാനും ഉദ്യോഗസ്ഥരും പട്ടാളവുമാണ് ഉണ്ടായിരുന്നത്. അവരാണ് ഞങ്ങളെ അറിയിക്കുന്നത് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് മോചിതരായെന്ന വാര്‍ത്ത. അതുവരെയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഞങ്ങള്‍ അറിഞ്ഞിരുന്നത് കരയില്‍ പോയി തിരിച്ചുവരുന്നവരില്‍നിന്നോ കപ്പലോട്ടക്കാരില്‍നിന്നോ ആയിരുന്നു. ദ്വീപിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഞങ്ങളുടെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്ന് ആമീനായ എെൻറ പിതാവിനെ അറിയിച്ചു. എെൻറ പിതാവും ദ്വീപിലെ ആളുകളും അവരോട് സംസാരിക്കാനെത്തി.
''ഇന്ത്യയെ രണ്ട് രാജ്യമായി വിഭജിച്ചിരിക്കുന്നു. ഇന്ത്യയും പാകിസ്താനും. നിങ്ങള്‍ ഏതു രാജ്യത്തെ പൗരന്മാരാകാനാണ് ആഗ്രഹിക്കുന്നത്?''
ഇതായിരുന്നു അവരുടെ ചോദ്യം. കുട്ടിയായ ഞാനും പിതാവിനോടൊപ്പമുണ്ട്. ''ഞങ്ങള്‍ ബന്ധപ്പെടുന്ന നാട് കോഴിക്കോടും കണ്ണൂരുമാണ്. മാത്രമല്ല, ഞങ്ങള്‍ ഇതുവരെയും ഇന്ത്യക്കാരായിരുന്നു. ഗാന്ധിയും നെഹ്‌റുവുമാണ് ഞങ്ങളുടെ നേതാക്കള്‍. അതുകൊണ്ട് പാകിസ്താന്‍ ഞങ്ങള്‍ക്ക് ഒരിക്കലും വേണ്ട. ഞങ്ങള്‍ക്കിവിടെ ഇന്ത്യക്കാരായി ജീവിച്ചു മരിച്ചാല്‍ മതി.'' അതൊരു ഉറച്ച തീരുമാനമായിരുന്നു. ഞങ്ങള്‍ ദ്വീപുകാര്‍ അങ്ങനെ ഇന്ത്യയുടെ ഭാഗമായി. അക്കാലം വരെയും ദ്വീപിലെ ആഘോഷങ്ങള്‍ രണ്ടു പെരുന്നാളുകളും മുഹർറവുമായിരുന്നു. അതിലേക്ക് പില്‍ക്കാലത്ത് സ്വാതന്ത്ര്യദിനാഘോഷവും കൂടി വന്നുചേര്‍ന്നു.
1956ന് ശേഷം തഹസില്‍ദാരുടെ വരവോടെ ലക്ഷദ്വീപില്‍ ഔദ്യോഗികമായി സ്വാതന്ത്ര്യ ദിനാഘോഷം തുടങ്ങി. എല്ലാവരും ഒരിടത്ത് ഒത്തുചേരും. ഇന്ത്യന്‍ പതാക ഉയര്‍ത്തും. പ്രസംഗങ്ങളുണ്ടാകും. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലത്താണ് ദ്വീപിനെ ഏറെ പരിഗണിച്ചത്. ബോട്ട് റേസിങ്ങും വടംവലിയുമെല്ലാമായി വലിയ ആഘോഷമായി മാറി ആഗസ്റ്റ് 15. ബോട്ട് റേസിങ്ങിന് തുടക്കം കുറിച്ചതും രാജീവ് ഗാന്ധിയാണ്. ആഘോഷ ദിവസം ബിരിയാണിയും ചോറും ഇറച്ചിയും വിളമ്പും. ഇന്ന് അന്നത്തേക്കാള്‍ വലിയ ആഘോഷമായി മാറിയിട്ടുണ്ട് സ്വാതന്ത്ര്യദിനാഘോഷം. ലക്ഷദ്വീപോത്സവം എന്നോ മറ്റോ ആണ് പേര്.
ഇന്നിപ്പോള്‍ ലക്ഷദ്വീപ് മറ്റൊരു അധിനിവേശത്തിന് ഇരയായിക്കൊണ്ടിരിക്കയാണ്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്നത് അദ്ദേഹത്തിെൻറ മാത്രം തീരുമാനങ്ങളാണ്. സ്വതന്ത്രമായി ജീവിക്കാനുള്ള അവസ്ഥ യാണ് വേണ്ടത്. സത്യം സമത്വം സ്വാതന്ത്ര്യം എന്നല്ലേ നമ്മള്‍ ഇന്ത്യക്കാര്‍ പറയുന്നത്. നമ്മള്‍ ജീവിക്കുന്നതുപോലെ ദ്വീപുകാരും ജീവിക്കണമെന്നു പറഞ്ഞാല്‍ അത് അനീതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.