‘എല്ലാ കണ്ണുകളും റഫയിലേക്ക്’; ഫലസ്തീന് ഐക്യദാർഢ്യവുമായി പ്രിയങ്ക ചോപ്ര, കരീന, ആലിയ ഭട്ട്
text_fieldsന്യൂഡൽഹി: റഫയിലെ അഭയാർഥി ക്യാമ്പിൽ ബോംബിട്ട് കുട്ടികളടക്കം 45 പേരെ ചുട്ടെരിച്ച ഇസ്രായേൽ ക്രൂരതക്കെതിരെ ഫലസ്തീന് ഐക്യദാർഢ്യവുമായി ബോളിവുഡിലെ സൂപ്പർ താരങ്ങൾ. പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കരീന കപൂർ, സോനം കപൂർ, വരുൺ ധവാൻ, റിച്ച ഛദ്ദ, പായൽ കപാഡിയ എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന വൈറലായ ചിത്രവും ഹാഷ്ടാഗും ചേർത്താണ് താരങ്ങൾ രംഗത്തെത്തിയത്.
എല്ലാ കുട്ടികളും സ്നേഹവും സുരക്ഷിതത്വവും സമാധാനവും ജീവനും അർഹിക്കുന്നുവെന്നും എല്ലാ അമ്മമാരും തങ്ങളുടെ കുട്ടികൾക്ക് ഇവയെല്ലാം നൽകാൻ അർഹരാണെന്നും ആലിയ ഭട്ട് എഴുതി.
യുനിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായ കരീന കപൂർ, യുനിസെഫിന്റെ പോസ്റ്റ് ഷെയർ ചെയ്തു. ‘റഫയിലെ തമ്പുകളിൽനിന്ന് പുറത്തുവരുന്ന കത്തിച്ച കുട്ടികളുടെയും കുടുംബങ്ങളുടെയും ചിത്രങ്ങൾ എല്ലാവരെയും ഞെട്ടിക്കുന്നു. താൽകാലിക തമ്പുകളിൽ അഭയം പ്രാപിച്ച കുട്ടികൾ കൊല്ലപ്പെട്ടത് മനഃസാക്ഷിക്ക് നിരക്കാത്തതാണ്. ഏഴ് മാസത്തിലേറെയായി, ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ഈ ദുരന്തത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചുവെന്ന് യുനിസെഫ് പോസ്റ്റിൽ പറയുന്നു. ഉടൻ വെടിനിർത്തണമെന്നും ബന്ദികളെ നിരുപാധികം മോചിപ്പിക്കണമെന്നും കുട്ടികളെ വിവേകശൂന്യമായി കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു.
വംശഹത്യയിൽ ഇസ്രായേൽ കുറ്റക്കാരാണെന്ന വാർത്താശകലമാണ് റിച്ച ഛദ്ദ പങ്കിട്ടത്. ഇപ്പോഴും ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അക്ഷരാർഥത്തിൽ അവർ കുട്ടികളെ കൊന്ന കുറ്റം ചെയ്തവരാണെന്നും പോസ്റ്റിൽ പറയുന്നു.
പ്രിയങ്ക, ചോപ്ര, സോനം കപൂർ, സാമന്ത റൂത്ത് പ്രഭു, കൊങ്കണ സെൻ ശർമ, ആറ്റ്‌ലി, വീർ ദാസ്, ദിയ മിർസ, ത്രിപ്തി ദിംറി, ശിൽപ റാവു, ഭൂമി പെഡ്‌നേക്കർ, രാകുൽ പ്രീത് സിങ് എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.