അലീഗഢിന്റെയും പേരുമാറ്റുന്നു, ‘ഹരിഗഡാ’ക്കാൻ യു.പി സർക്കാർ; ഭരണം കിട്ടിയാൽ പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: അലീഗഢിന്‍റെ പേര് ഹരിഗഡ് എന്നാക്കിമാറ്റാനുള്ള നഗരസഭ പ്രമേയത്തിന് യു.പി സർക്കാർ വൈകാതെ അനുമതി നൽകിയേക്കും. അതേസമയം, പേരുമാറ്റത്തിന്‍റെ നടപടിക്രമങ്ങളിൽ അപാകതയുണ്ടെന്ന് പ്രധാന പ്രതിപക്ഷമായ സമാജ്വാദി പാർട്ടി കുറ്റപ്പെടുത്തി. തങ്ങൾക്ക് ഭരണം കിട്ടുന്ന മുറക്ക് അലീഗഢ് എന്ന പേര് പുനഃസ്ഥാപിക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം.
അലീഗഢ് മുനിസിപ്പൽ കോർപറേഷനിലെ നേരിയ ഭൂരിപക്ഷം ബലമാക്കിയാണ് ചരിത്രനഗരത്തിന്‍റെ പേരുമാറ്റാൻ പ്രമേയം പാസാക്കിയതെന്ന് സമാജ്വാദി പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. ബി.ജെ.പി അംഗം സഞ്ജയ് പണ്ഡിറ്റ് പ്രകടിപ്പിച്ച അഭിപ്രായം അംഗീകരിക്കുകയായിരുന്നു. അതല്ലാതെ പേരുമാറ്റത്തിന് വ്യക്തമായൊരു നിർദേശം അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബി.ജെ.പി അംഗത്തിന്‍റെ അഭിപ്രായം ഉയർന്നതും മേയർ അത് സ്വീകരിക്കുകയും പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു.
ഭരണപക്ഷത്തിന് 45 അംഗങ്ങളുള്ള കോർപറേഷനിൽ നാലു സ്വതന്ത്രരുടെകൂടി പിന്തുണ നേടിയാണ് പ്രമേയം പാസാക്കിയതെന്ന് സമാജ്വാദി പാർട്ടി ചൂണ്ടിക്കാട്ടുന്നു. നഗരസഭയിൽ സമാജ്വാദി പാർട്ടിക്കൊപ്പം കോൺഗ്രസിനും ബി.എസ്.പിക്കും അംഗങ്ങളുണ്ട്. സഞ്ജയ് പണ്ഡിറ്റ് അഭിപ്രായം പറഞ്ഞപ്പോൾ എതിർപ്പ് ഉയർന്നിരുന്നില്ലെന്നും പാസാക്കി സർക്കാറിന്‍റെ തുടർനടപടികൾക്ക് അയക്കുകയാണ് ചെയ്തതെന്നുമാണ് മേയർ പ്രശാന്ത് സിംഘാളിന്‍റെ വിശദീകരണം. അലീഗഢ് മുസ്ലിം സർവകലാശാലയുടെ പേരു മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
അലീഗഢ് മുമ്പ് രാംഗഡ് എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് യു.പി സർക്കാർ വെബ്സൈറ്റ് വിശദീകരിക്കുന്നു. 1700കളിലാണ് നഗരത്തിന് അലീഗഢ് എന്ന പേരിട്ടത്. 1992ൽ പേരുമാറ്റാൻ അന്നത്തെ മുഖ്യമന്ത്രി കല്യാൺ സിങ് ശ്രമിച്ചിരുന്നു. പക്ഷേ, കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ അനുവദിച്ചില്ല. മോദിസർക്കാർ വന്ന ശേഷം 2015ൽ പേരുമാറ്റത്തിന് വിശ്വഹിന്ദു പരിഷത് സമ്മർദം മുറുക്കി. ഹരിഗഡ് എന്നാണ് പഴയ പേരെന്ന വാദവും ഉയർത്തി. വി.എച്ച്.പിയുടെ താൽപര്യത്തിനൊത്താണ് ഹരിഗഡാക്കാനുള്ള പ്രമേയം. അലീഗഢ് ജില്ലാ പഞ്ചായത്ത് 2021ൽ പേരുമാറ്റത്തിന് പ്രമേയം പാസാക്കിയിരുന്നു. കോർപറേഷന്‍റെകൂടി അനുമതിയായത് പേരുമാറ്റം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറിനെ സഹായിക്കും.
യു.പിയിൽ നിരവധി നഗരങ്ങളുടെ പേര് ഇതിനകം മാറ്റിക്കഴിഞ്ഞു. അലഹബാദ് പ്രയാഗ്രാജായി. ഫൈസാബാദ് ജില്ല ഇപ്പോൾ അയോധ്യ ജില്ലയെന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. ഫിറോസാബാദിനെ ചന്ദ്രനഗറാക്കി. മിർസപുരിനെ വിന്ധ്യാധാമാക്കി. മുഗൾസരായ് ഇപ്പോൾ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നഗറാണ്. ഝാൻഡി റെയിൽവേ സ്റ്റേഷന്‍റെ പേര് വീരാംഗന ലക്ഷ്മിഭായ് എന്നാക്കി. ആഗ്രയെ ആഗ്രാവൻ എന്നും മുസഫർ നഗറിനെ ആര്യൻഗഡ് എന്നുമാക്കാൻ ബി.ജെ.പിക്ക് താൽപര്യമുണ്ട്. ലഖ്നോ ലക്ഷ്മൺ നഗരിയാണെന്നും അവർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.