അലിഗഢ് സർവകലാശാലയിലും പൊലീസ് അതിക്രമം; വിദ്യാർഥികൾക്ക് പരിക്ക് -VIDEO
text_fieldsന്യൂഡൽഹി: ജാമിഅ മില്ലിയക്ക് പിറകെ അലീഗഢ് മുസ്ലിം സർവകലാശാലയിലും പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന് നേരെ നടത്തിയ അതിക്രമത്തിൽ നൂറിലേറെ വിദ്യാർഥികൾക്ക് പരിക്കേറ്റു. കാമ്പസിനകത്ത് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയ പൊലീസിനുനേരെ വിദ്യാർഥികൾ നടത്തിയ കല്ലേറിൽ പൊലീസുകാരന് പരിക്കേറ്റു. പരിക്കേറ്റവരെ അലീഗഢ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മലയാളികൾ ഉള്ളതായി അറിവില്ല. ഇവിടുത്തെ ഇൻറർനെറ്റ് സേവനം 24 മണിക്കൂർ റദ്ദാക്കിയിട്ടുണ്ട്.
ജാമിഅയിലെ പൊലീസ് അതിക്രമങ്ങളറിഞ്ഞ് രാത്രി അലീഗഢ് സർവകലാശാലയിൽനിന്ന് പ്രകടനമായി കാമ്പസിന് പുറത്തേക്ക് നീങ്ങിയ വിദ്യാർഥികളെ ഗേറ്റിൽ തടഞ്ഞാണ് ലാത്തിച്ചാർജും കണ്ണീർവാതക പ്രേയാഗവും നടത്തിയത്. രാത്രി എട്ടുമണിക്ക് ശേഷമായിരുന്നു ഇത്. ലാത്തിച്ചാർജ് ചെയ്ത് കാമ്പസിനുള്ളിലേക്ക് കടന്ന പൊലീസ് സംഘം കണ്ണിൽ കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകർത്തു.
ഇതിനിടെ നടന്ന കല്ലേറിലാണ് പൊലീസുകാരന് പരിക്കേറ്റത്. കാമ്പസിന് പുറത്തേക്ക് വന്ന വിദ്യാർഥികളെ അകത്തേക്കുതന്നെ അയക്കാനാണ് ലാത്തിച്ചാർജ് ചെയ്തതെന്ന് പൊലീസ് ന്യായീകരിച്ചു. രാത്രി ഒമ്പതുമണിയോടെ കാമ്പസിൽ ദ്രുതകർമസേനയുമിറങ്ങി. പൗരത്വ ദേഭഗതി നിയമത്തിനെതിരെ ആദ്യം സമരം തുടങ്ങിയ കാമ്പസുകളിലൊന്നാണ് അലീഗഢ്. ആയിരക്കണക്കിന് വിദ്യാർഥികൾ ഉപവാസ സമരം നടത്തിയ കാമ്പസിൽ ദിവസവും മുടങ്ങാതെ സമരം നടന്നുവരുകയായിരുന്നു.
ഡൽഹി ജാമിയ മില്ലിയ സർവകലാശാല വിദ്യാർഥികൾ നടത്തിയ സമരത്തെ പൊലീസ് അതിക്രൂരമായി നേരിട്ടിരുന്നു. നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.