അലീഗഢ്: നൂറ്റാണ്ടിന്റെ നാൾവഴിയിലൂടെ
text_fieldsസാമൂഹിക പരിഷ്കർത്താവായ സർ സയ്യിദ് അഹ്മദ് ഖാൻ മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് 1875ൽ സ്ഥാപിച്ച മുഹമ്മദൻ ആംഗ്ലോഓറിയന്റൽ കോളജാണ് ചരിത്രപ്രസിദ്ധമായ അലീഗഢ് മുസ്ലിം സർവകലാശാലയാകുന്നത്. ഇന്ത്യൻ മുസ്ലിംകളുടെ ധൈഷണികവും വൈജ്ഞാനികവുമായ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയ ഈ കലാലയത്തിന്റെ ന്യൂനപക്ഷ പദവിയും അതുസംബന്ധിച്ച നിയമപോരാട്ടവും ചർച്ചയാകുമ്പോൾ വ്യവഹാരത്തിന്റെ നാൾവഴികൾ പരിശോധിക്കാം.
- 1875 സർ സയ്യിദ് അഹ്മദ് ഖാൻ യു.പിയിലെ അലീഗഢിൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളജ് ആരംഭിച്ചു.
- 1920 സെൻട്രൽ ലെജിസ്ലേച്ചർ അലീഗഢ് ആക്ട് പാസാക്കിയതോടെ ആംഗ്ലോ ഓറിയന്റൽ കോളജ് അലീഗഢ് മുസ്ലിം സർവകലാശാലയായി മാറി.
- 1951 വിഭജനാനന്തര സംഘർഷങ്ങൾക്കിടയിൽ അലീഗഢ് ആക്ടിൽ ചില്ലറ മാറ്റം വരുത്തി. 1920ലെ അലീഗഢ് ആക്ടിൽനിന്ന് 23 (1) വകുപ്പ് എടുത്തുകളഞ്ഞപ്പോൾ മുസ്ലിമിതര വിഭാഗത്തിനും കോർട്ടിൽ അംഗങ്ങളാവാം എന്നായി. മതപഠനം ഐച്ഛികവിഷയമായി മാറി.
- 1967 ഒക്ടോബർ 30ന് ചീഫ് ജസ്റ്റിസ് വാഞ്ചുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വിധിയിൽ അലീഗഢിന്റെ ന്യൂനപക്ഷ പദവി നഷ്ടമായി.
- 1981 ഇന്ത്യൻ മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനം പ്രോത്സാഹിപ്പിക്കുകയെന്നത് സ്ഥാപനത്തിന്റെ ലക്ഷ്യമായി വ്യവസ്ഥചെയ്ത് അലീഗഢ് നിയമം ഭേദഗതി ചെയ്തു.
- 2005 അലീഗഢ് ആക്ടിലെ അഞ്ചാം വകുപ്പിന്റെ പരിധിയിൽനിന്നുകൊണ്ട് മെഡിക്കൽ പി.ജി പ്രവേശനത്തിന് സർവകലാശാല 50 ശതമാനം മുസ്ലിം സംവരണം ഏർപ്പെടുത്തി. 1967ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ച് ചില കേന്ദ്രങ്ങൾ അലഹബാദ് ഹൈകോടതിയിലെത്തി. ഹൈകോടതി പ്രവേശന നടപടികൾ റദ്ദാക്കി.
- 2006 ഹൈകോടതി വിധിക്കെതിരെ സർവകലാശാല സുപ്രീംകോടതിയിലെത്തി. അന്നത്തെ കേന്ദ്ര സർക്കാർ (യു.പി.എ) അലീഗഢ് സർവകലാശാല നിലപാടിനൊപ്പം.
- 2006 ഏപ്രിൽ 24ന് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ബെഞ്ച്, സംവരണ നീക്കത്തിന് സ്റ്റേ ഏർപ്പെടുത്തി; വിഷയം ഭരണഘടനപരമാണോ എന്ന് നിശ്ചയിക്കാൻ കേസ് വിപുല ബെഞ്ചിലേക്ക് വിട്ടു.
- 2014 ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ അലീഗഢിനോടുള്ള ഭരണകൂട മനോഭാവം മാറി.
- 2016 അലീഗഢ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നും അലഹബാദ് ഹൈകോടതി വിധിക്കെതിരെ യു.പി.എ സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കുകയാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
- 2019 വിശദമായി പരിശോധിച്ച് വിധി പുറപ്പെടുവിക്കുന്നതിനായി ഏഴംഗ ഭരണഘടന ബെഞ്ചിന് കേസ് കൈമാറാൻ തീരുമാനിച്ചു.
- 2023 ഒക്ടോബർ 12ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്ക് കേസ് ലിസ്റ്റ് ചെയ്തു. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ.
- 2024 ജനുവരി ഒമ്പതിന് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് ഇരു കക്ഷികളുടെയും വാദം കേട്ടു. ഫെബ്രുവരി ഒന്നിന് അവസാന വാദവും കേട്ട സുപ്രീംകോടതി വിധി പറയാനായി കേസ് മാറ്റി.
- 2024 നവംബർ എട്ടിന് പാർലമെന്റ് നിയമവും സ്ഥാപിച്ച തീയതിയും ഭരണ നിർവഹണവുംകൊണ്ട് അലീഗഢിന് ന്യൂനപക്ഷ പദവി നഷ്ടമാകില്ലെന്ന് ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി (4-3). പാർലമെന്റിന്റെ നിയമ നിർമാണത്തിലൂടെ വന്ന വിദ്യാഭ്യാസ സ്ഥാപനമായതിനാൽ ന്യൂനപക്ഷ സ്ഥാപനമാകില്ലെന്ന സുപ്രീംകോടതിയുടെ 1967ലെ അലീഗഢിനെതിരായ സുപ്രീംകോടതിവിധി ഭരണഘടനവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എഴുതിയ വിധിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.