അലീഗഢ് സമരത്തിന് പിന്തുണയേറുന്നു
text_fieldsന്യൂഡൽഹി: മേയ് രണ്ടിന് അലീഗഢ് മുസ്ലിം സർവകലാശാലയിൽ ഹിന്ദു യുവവാഹിനി നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം തുടങ്ങിയ 300ഒാളം വിദ്യാർഥികൾക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കലാപത്തിന് കേസെടുത്തു. അതേസമയം, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെ ലക്ഷ്യമിട്ട് വന്ന് ആക്രമണം നടത്തിയ സായുധരായ ഹിന്ദു യുവവാഹിനി പ്രവർത്തകർക്കെതിരെ അലീഗഢ് വിദ്യാർഥി യൂനിയൻ നൽകിയ പരാതി കേസെടുക്കാതെ പൊലീസ് തള്ളി. ഇതുമായി ബന്ധപ്പെട്ട് പ്രോക്ടർ നൽകിയ പരാതിയിൽ പൊലീസ് ഒരു എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു.
വിദ്യാർഥി സമരം പൊളിക്കാനായി ശനിയാഴ്ച അർധരാത്രി വരെ അലീഗഢിലാകമാനം ഇൻറർനെറ്റിന് ഏർപ്പെടുത്തിയ നിരോധനം സമയപരിധി കഴിഞ്ഞതോടെ അധികൃതർ പിൻവലിച്ചു. സർവകലാശാലയുടെ സൗജന്യ വൈഫൈയും സ്വകാര്യ ഇൻറർനെറ്റ് കമ്പനികളുടെ സേവനവും ഞായറാഴ്ച പുനഃസ്ഥാപിച്ചു. ആക്രമണം നടത്തിയ സംഘ്പരിവാറുകാർക്കെതിരെ കേസെടുക്കുന്നതു വരെ സർവകലാശാലയുടെ പ്രധാന കവാടമായ ബാബെ സയ്യിദിൽ സമരവുമായി മുന്നോട്ടുപോകാൻ വിദ്യാർഥികൾ തീരുമാനിച്ചു. സമരത്തി് പിന്തുണ ഏറി വരികയാണ്. പ്രമുഖ നേതാക്കളും സംഘടനകളും സമരപ്പന്തലിലെത്തി െഎക്യദാർഢ്യം പ്രഖ്യാപിച്ചു തുടങ്ങി. സർവകലാശാല അധ്യാപക സംഘടന പിന്തുണ പ്രഖ്യാപിച്ചതിന് പുറമെ ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷനും അനുകൂലിച്ച് പ്രസ്താവനയിറക്കി. പപ്പു യാദവ് എം.പിക്ക് പുറമെ നിരവധി നേതാക്കളും ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാക്കളും അലീഗഢിലെ സമരപ്പന്തലിലെത്തി.
ആർ.ജെ.ഡി രാജ്യസഭ എം.പി മനോജ് തിവാരിയടക്കമുള്ള നേതാക്കളും ഡൽഹി ജാമിഅ മില്ലിയയിലെയും ലഖ്നോ സർവകലാശാലയിലെയും വിദ്യാർഥികളും സമരത്തോട് െഎക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിന്ദു യുവവാഹിനി പ്രവർത്തകരിൽ ആറുപേരെ വിദ്യാർഥികൾ സംഘർഷ സ്ഥലത്തുനിന്നുതന്നെ പിടികൂടി പൊലീസിലേൽപിച്ചിരുന്നുവെങ്കിലും അവരെ വിട്ടയക്കുകയാണ് ചെയ്തത്. ഇതിനെതിരെ മേയ് രണ്ടിന് തുടങ്ങിയ പ്രതിഷേധമാണ് ബാബെ സയ്യിദിൽ തുടരുന്നത്. ആക്രമണം നടത്തിയ ഹിന്ദു യുവവാഹിനി പ്രവർത്തകർക്ക് കാമ്പസിെൻറ കവാടം വരെ അകമ്പടി വന്നിരുന്നത് യു.പി പൊലീസായിരുന്നു.
സർവകലാശാലക്കു നേരെ ഹിന്ദു യുവവാഹിനി നടത്തിയ ആക്രമണത്തിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ കാണിച്ചുതരണമെന്ന് യൂനിയൻ നേതാക്കൾ യു.പി പൊലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും അവർ തയാറായിരുന്നില്ല.
തുടർന്ന് പൊലീസ് സൂപ്രണ്ട് ഒാഫിസിലേക്ക് മാർച്ച് ചെയ്യാനായി വിദ്യാർഥികൾ നീങ്ങിയതോടെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവരെ അലീഗഢ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവരെയെല്ലാം ഉൾപ്പെടുത്തിയാണ് 300 പേർക്കെതിരെ പൊലീസ് കലാപമുണ്ടാക്കിയെന്ന് ആരോപിച്ച് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.