ഹിജാബ് വിവാദത്തെ തുടർന്ന് യുണിഫോം ചട്ടങ്ങൾ കർശനമാക്കി ഉത്തർപ്രദേശിലെ ധർമ സമാജ് കോളജ്
text_fieldsഅലിഗഡ്: യൂണിഫോം ചട്ടങ്ങൾ കർശനമാക്കിക്കൊണ്ട് ഉത്തർപ്രദേശിലെ ധർമ സമാജ് കോളജ് ഉത്തരവ് പുറപ്പെടുവിച്ചു. കോളജ് പുറപ്പെടുവിക്കുന്ന ചട്ടങ്ങൾ അനുസരിക്കാന്‍ എല്ലാ വിദ്യാർഥികളും ബാധ്യസ്ഥരാണെന്നും യൂണിഫോം ചട്ടങ്ങൾ പാലിക്കാത്ത വിദ്യാർഥികൾക്ക് കോളജിൽ പ്രവേശനം നിഷേധിക്കുമെന്നും അധികൃതർ ഉത്തരവിൽ അറിയിച്ചു.
മുഖം മറക്കുന്ന രീതിയിൽ വസ്ത്രം ധരിക്കുന്ന വിദ്യാർഥികളെ കാമ്പസിലേക്ക് പ്രവേശിപ്പിക്കാൻ അഡ്മിനിസ്ട്രേഷൻ അനുവദിക്കില്ലെന്ന് കോളജ് പ്രിൻസിപ്പലായ ഡോ.രാജ് കുമാർ വർമ അഭിപ്രായപ്പെട്ടു. ഹിജാബോ കാവിഷാളോ ധരിച്ച വിദ്യാർഥികളെയും കോളജിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം ഉഡുപ്പിയിലെ പ്രീ യൂനിവേഴ്സിറ്റി കോളജിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. മുസ്‍ലിം വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് സ്ക്കൂളിൽ വരുന്നത് യൂനിഫോം കോഡിന് വിരുദ്ധമാണെന്ന് ആരോപിച്ച് ഒരുകൂട്ടം വിദ്യാർഥികൾ കാവിഷാളണിഞ്ഞ് പ്രതിഷേധിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച ഈ വിവാദത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു.
കർണാടകയിൽ തുടങ്ങിയ ഹിജാബ് വിവാദം മറ്റു സംസ്ഥാനങ്ങളിലേക്കും അതിവേഗം വ്യാപിക്കുമെന്നാണ് ധർമ്മ സമാജ് കോളേജിലെ ഉത്തരവിലൂടെ പുറത്തുവരുന്നത്. വിവാദങ്ങൾക്ക് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകളാണെന്ന വിമർശനങ്ങളും വ്യാപകമായി ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.