ഡിസംബർ അവസാനത്തോടെ എല്ലാ മുതിർന്ന പൗരൻമാർക്കും വാക്സിൻ നൽകുമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ എല്ലാ മുതിർന്ന പൗരൻമാർക്കും ഡിസംബർ അവസാനത്തോടെ കോവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന് കേന്ദ്രം. ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ദേശീയ വിദഗ്ധ സംഘത്തിന്‍റെ തലവനായ ഡോ. എൻ.കെ. അറോറ വരും മാസത്തിൽ വാക്സിൻ വിതരണത്തിൽ വലിയ വർധനയുണ്ടാകുമെന്നും പറഞ്ഞു.
വാക്സിനേഷൻ നിരക്ക് ഉയർത്തുന്നതിനായി സംസ്ഥാനങ്ങൾ വാക്സിൻ വിതരണ കേന്ദ്രങ്ങൾ വർധിപ്പിക്കണം. വാക്സിനുകളുടെ ലഭ്യത ക്രമേണ വർധിപ്പിച്ചതായും ഡോ. അറോറ എൻ.ഡി.ടി.വിയോട് പറഞ്ഞു.
'ജൂൺ, ജൂലൈ മാസങ്ങളിൽ വാക്സിനേഷനിൽ വർധനയുണ്ടായി. മേയിൽ രാജ്യത്തിന് ലഭിച്ചത് 5.6 കോടി ഡോസ് വാക്സിനായിരുന്നു. ഇപ്പോൾ 10 മുതൽ 12 കോടിവരെ വാക്സിൻ ഡോസുകൾ ലഭിക്കുന്നുണ്ട്. വരും മാസങ്ങളിൽ അവ 16 മുതൽ 18 േകാടിയായി ഉയരും. സെപ്തംബർ മുതൽ 30 കോടിയിലധികം വാക്സിൻ ഡോസുകൾ ലഭിക്കും' -അദ്ദേഹം പറഞ്ഞു.
വാക്സിൻ ലഭ്യമാകുമെങ്കിലും വിതരണ കേന്ദ്രങ്ങളുടെ അഭാവം പ്രതികൂലമാകും. അവ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. രാജ്യമെമ്പാടും സർക്കാർതലത്തിൽ 75,000 മുതൽ ലക്ഷം വരെ വാക്സിനേഷൻ കേന്ദ്രങ്ങളൊരുക്കുകയാണ് ലക്ഷ്യം. എന്നാൽ ഇപ്പോൾ സംസ്ഥാനങ്ങളുടെ പ്രവർത്തനം പരിമിതമാണ്. വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിൽ വിതരണകേന്ദ്രങ്ങളും വർധിപ്പിക്കണം -അദ്ദേഹം പറഞ്ഞു.
മൂന്നുദിവസമായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നുവരുന്നുണ്ട്. 56 ദിവസത്തെ താഴ്ചക്ക് ശേഷമാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത്. ജൂലൈ എട്ടിന് 11 സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ വർധന രേഖപ്പെടുത്തിയതായും അറോറ കൂട്ടിേച്ചർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.