ജാതി സംവരണങ്ങൾ നിർത്തലാക്കണം; അത് വോട്ടിനുള്ള ഉപകരണം മാത്രം -മാർകണ്ഡേയ കട്ജു
text_fieldsന്യൂഡൽഹി: ജാതി അടിസ്ഥാനമാക്കിയുള്ള എല്ലാ സംവരണങ്ങളും നിർത്തലാക്കണമെന്ന് സുപ്രീംകോടതി മുൻചീഫ് ജസ്റ്റിസ് മാർകണ്ഡേയ കട്ജു. എന്നാൽ, ഉയർന്ന ജാതിക്കാർ ഉൾപ്പെടെ പാവപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സഹായവും സൗകര്യങ്ങളും നൽകണം. പാഠപുസ്തകങ്ങൾ വാങ്ങാൻ കഴിയാത്ത പാവപ്പെട്ട ആൺകുട്ടിയോ പെൺകുട്ടിയോ ഉണ്ടെങ്കിൽ അവർക്ക് പുസ്തകങ്ങൾ സംസ്ഥാനങ്ങൾ സൗജന്യമായി നൽകണമെന്നും കട്ജു അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു ജാതി സംവരണത്തെ നിശിതമായി വിമർശിക്കുന്നത്.
ഇന്ത്യയിലെ ജാതി സംവരണം വോട്ട് പിടിക്കാനുള്ള ഉപകരണം മാത്രമാണ്, അതിെൻറ യഥാർഥ ഗുണഭോക്താക്കൾ രാഷ്ട്രീയക്കാരാണ്. ദലിതർക്കും ഒ.ബി.സികൾക്കും പ്രയോജനം ചെയ്യുന്നതിനുപകരം അത് വലിയ ദോഷമാണുണ്ടായത്. ഈ ജാതികളിൽ ക്രീമിലെയറിൽപട്ട ഏകദേശം 0.1% പേർക്ക് മാത്രമേ ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കൂ. എന്നാൽ പട്ടികജാതി-പട്ടികവർഗക്കാരും ഒ.ബി.സികളും അവർക്ക് എല്ലാ ഗുണങ്ങളും ലഭിക്കുമെന്ന ചിന്തയിൽ വഞ്ചിതരാവുകയാണ്.
ഭരണാധികാരികളുടെ ഭിന്നിപ്പിച്ച് ഭരിക്കൽ നയത്തിെൻറ ഭാഗമാണ് ജാതി സംവരണം. കാരണം അത് ഈ ജാതികളെ ഉയർന്ന ജാതികളിൽ നിന്ന് അകറ്റി നിർത്തുകയും പലപ്പോഴും അവർക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നു, ഉദാഹരണത്തിന് 90% മാർക്ക് ലഭിച്ച ഒരു ഉയർന്ന ജാതിക്കാരന് പ്രവേശനമോ ജോലിയോ നിഷേധിക്കപ്പെടുമ്പോൾ, 40% ലഭിച്ച ഒരു പട്ടികജാതിക്കാരനോ ഒബിസിക്കാരനോ അത് ലഭിക്കുന്നുവെന്നും കട്ജു പറയുന്നു.
ഒറ്റപ്പെടുകയല്ല, മറിച്ച് ഉയർന്ന ജാതികളിലെ പ്രബുദ്ധരായ വിഭാഗങ്ങളുമായി കൈകോർക്കുകയാണ് തങ്ങളുടെ സാമൂഹിക വിമോചനത്തിെൻറ പാതയെന്ന് ദലിതർ മനസിലാക്കണം. ജാതി സംവരണം ജനങ്ങൾക്കിടയിൽ അനൈക്യം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പട്ടികജാതിക്കാർക്കും ഒ.ബി.സികൾക്കും നൽകിയിട്ടുള്ള ഊന്നുവടിയാണ് ജാതി സംവരണം. ഇത് അവരെ ദുർബലപ്പെടുത്തും. കാരണം അവർ പഠിക്കുകയോ കഠിനാധ്വാനം ചെയ്യുകയോ വേണ്ടെന്ന എന്ന ധാരണ അവരിൽ സൃഷ്ടിക്കപ്പെടുകയാണ്. അങ്ങനെ ചെയ്യാതെ തന്നെ അവർക്ക് ജോലിയോ പ്രവേശനമോ ലഭിക്കും. അതിനാൽ പട്ടികജാതിക്കാരും ഒ.ബി.സികളും ഈ ഊന്നുവടികൾ വലിച്ചെറിഞ്ഞ് നിവർന്ന് നിന്ന് ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടണം. കഠിനമായി പഠിച്ച് സവർണ്ണരുമായി യോഗ്യതയോടെ മത്സരിച്ച് ഉയർന്ന ജാതിക്കാരേക്കാൾ ബുദ്ധിപരമായി താഴ്ന്നവരല്ല തങ്ങളെന്ന് കാണിക്കണമെന്നും മാർകണ്ഡേയ കട്ജു അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.