മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ അഞ്ച് പ്രതികളും കുറ്റക്കാർ; വിധി 26ന്
text_fieldsന്യൂഡല്‍ഹി: 2008ൽ ഡൽഹിയിൽ മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ മോഷണശ്രമത്തിനിടെ വെടിവെച്ചു കൊന്ന കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് ഡൽഹി സാകേത് കോടതി. കേസിൽ നേരിട്ട് പങ്കാളികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ്കുമാര്‍ എന്നീ നാല് പ്രതികൾക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി.
ഇവരെ സഹായിച്ച അജയ് സേത്തിയുൾപ്പെടെ അഞ്ചുപേര്‍ക്കെതിരെയും മക്കോക പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഒക്ടോബർ 26നാണ് ശിക്ഷ വിധിക്കുകകൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ഹെഡ്ലൈൻസ് ടുഡേ ചാനലില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്ന 25കാരി സൗമ്യ വിശ്വനാഥനെ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവർച്ചക്കെത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു. കാര്‍ അപകടത്തിൽപെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹ പരിശോധനയില്‍ തലക്ക് വെടിയേറ്റതായി കണ്ടെത്തി.
കേസിൽ പ്രതികളെ കണ്ടെത്താനാകാതെ കുടുങ്ങിയ പൊലീസ്, 2009 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ കോള്‍ സെന്റർ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍, അമിത് ശുക്ല എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സൗമ്യയുടെ കൊലപാതകം സംബന്ധിച്ച പ്രതികൾ വെളിപ്പെടുത്തിയത്.
2009ലാണ് പൊലീസ് 620 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 2010 ഏപ്രിൽ ആരംഭിച്ച വിചാരണ പൂർത്തിയാകുന്നത് 2023 ഒക്ടോബർ ആറിനും. ശിക്ഷാവിധിക്ക് മുമ്പ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം ഒക്ടോബർ 26 മുതൽ കേള്‍ക്കും.
കുറ്റിപ്പുറം പേരശന്നൂർ കിഴിപ്പള്ളി മേലേവീട്ടിൽ വിശ്വനാഥൻ– മാധവി ദമ്പതികളുടെ മകളാണ് സൗമ്യ. സൗമ്യ ദ പയനിയർ പത്രത്തിലും സി.എൻ.എൻ–ഐ.ബി.എൻ ചാനലിലും പ്രവർത്തിച്ചിരുന്നു. ശുഭ വിശ്വനാഥനാണ് സഹോദരി.
പ്രതികൾക്ക് ജീവപര്യന്തം ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് കേസിൽ കുറ്റം ചുമത്തിയതിന് പിന്നാലെ സൗമ്യയുടെ പിതാവ് വിശ്വനാഥനും മാതവ് മാധവിയും പ്രതികരിച്ചു. വധശിക്ഷക്ക് ഞങ്ങൾ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകും അവർക്ക്. ഞങ്ങൾ അനുഭവിച്ചത് അവരും അറിയണം. മകൾ പോയ ശേഷം ഞങ്ങളുടെ ജീവിതത്തിനും ജീവനറ്റുവെന്ന് ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.