ആൾ ഇന്ത്യ പെർമിറ്റ് ടൂറിസത്തിന് വേണ്ടി; കേന്ദ്രസർക്കാറിന്റെ വിഡിയോ പുറത്തുവിട്ട് ഗതാഗത വകുപ്പ്
text_fieldsകൊച്ചി: യാത്ര വാഹനങ്ങൾക്ക് അനുവദിക്കുന്ന ആൾ ഇന്ത്യ പെർമിറ്റ് ടൂറിസം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉളളതാണെന്ന് പറയുന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വിഡിയോ പങ്കുവെച്ച് കേരള ഗതാഗത വകുപ്പ്. റോബിൻ ബസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെയാണ് ഗതാഗത വകുപ്പ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ഈ പെർമിറ്റ് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിലേക്ക് റൂട്ട് സർവീസ് നടത്താമെന്ന് റോബിൻ ബസ് ഉടമ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തിന് വിരുദ്ധമാണ് ഗതാഗത വകുപ്പ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന വിഡിയോ.
ടൂറിസം മേഖലയുടെ വളർച്ചക്കായാണ് പുതിയ പെർമിറ്റ് അവതരിപ്പിച്ചതെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വിഡിയോയിൽ പറയുന്നുണ്ട്. പെർമിറ്റിനുവേണ്ടി കോൺട്രാക്ട് വാഹനങ്ങൾ ചെക്പോസ്റ്റിൽ കാത്തുകിടക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഒഴിവാക്കാനാണ് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് അവതരിപ്പിച്ചത്. മുമ്പ് ചരക്ക് വാഹനങ്ങൾക്ക് പെർമിറ്റ് നൽകിയ മാതൃകയിൽ തന്നെയാണ് ഇതെന്നും വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന ഉടമകൾക്ക് അവരുടെ ബജറ്റിന് അനുസരിച്ച് പെർമിറ്റെടുക്കാമെന്നുള്ളത് പുതിയ സംവിധാനത്തിന്റെ മേന്മയായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ ടൂറിസം സീസണ് മാത്രമായും പെർമിറ്റെടുക്കാമെന്നും വിഡിയോ പറയുന്നു.
അതേസമയം, റോബിൻ ബസിനെതിരെ ശക്തമായ നടപടിയുമായി അധികൃതർ രംഗത്തെത്തിയിരുന്നു. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിന് റോബിൻ ബസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ആൾ ഇന്ത്യ ടൂറിസ്റ്റ് ബസിന്റെ പെർമിറ്റുള്ള റോബിന് സാധാരണ ബസുകളെ പോലെ സ്റ്റോപ്പുകളിൽ നിർത്തി ആളുകളെ കയറ്റാനും ഇറക്കാനും അനുവാദമില്ലെന്നാണ് കേരള ഗതാഗത വകുപ്പിന്റെ വാദം. ഇത് ശരിവെക്കുന്നതാണ് ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വിഡിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.