മോഹൻ ഭഗവതിന് സാധ്വി പ്രാച്ചിയുടെ തിരുത്ത്: 'പശുമാംസം കഴിക്കുന്നവർ ഒഴികെ എല്ലാവരുടെയും ഡി.എൻ.എ ഒന്നാണ്'
text_fieldsജയ്പൂർ: എല്ലാ ഇന്ത്യക്കാരും മതഭേദമന്യേ ഒരേ ഡിഎൻഎ പങ്കുവെക്കുന്നവരാണെന്ന ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭഗവതിന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സാധ്വി പ്രാച്ചിയുടെ വക തിരുത്ത്.
"പശുമാംസം കഴിക്കുന്നവരൊഴികെ എല്ലാവരുടെയും ഡി.എൻ.എ ഒന്നാണ്'' എന്നാണ് നിരവധി വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രശസ്തയായ പ്രാച്ചി പറഞ്ഞത്. രാജസ്ഥാനിലെ ദൗസ ജില്ലയിൽ ശനിയാഴ്ച നടന്ന ചടങ്ങിലാണ് ഈ പരാമർശം.
''ഐക്യമില്ലാതെ വികസനം സാധ്യമല്ല. ഹിന്ദു-മുസ്‌ലിം ഐക്യത്തെ കുറിച്ച് തെറ്റിദ്ധാരണകളുണ്ട്. ഹിന്ദുവും മുസ്‌ലിമും തമ്മിൽ വ്യത്യാസമില്ല. എല്ലാവരും ഒന്നാണ്. മതഭേദമില്ലാതെ എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ ഒരുപോലെയാണ്'' എന്നായിരുന്നു ഭഗവത് പറഞ്ഞത്. ഈ മാസമാദ്യം മുസ്‌ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഈ പ്രസ്താവന.
രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാൻ കർശന നിയമങ്ങൾ വേണമെന്നും പ്രാച്ചി പറഞ്ഞു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ സേവനങ്ങൾ നൽകരുത്, വോട്ടവകാശം എടുത്തുകളയണം, ലവ് ജിഹാദിന്‍റെ മറവിൽ നടക്കുന്ന സ്ത്രീകളുടെ മതപരിവർത്തനം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളും പ്രാച്ചി ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.