കാവടി യാത്രാ വഴികളിലെ പേരു പ്രദർശനത്തിനെതിരെ സർവകക്ഷി പ്രതിഷേധം
text_fieldsന്യൂഡൽഹി: ഇന്ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ യു.പിയിലെ കാവടി യാത്രാ വഴികളിലെ പേരു പ്രദർശന ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം. മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നും ഹിറ്റ്ലറുടെ നാസി ജർമനിയെ ഓർമിപ്പിക്കുന്നതാണെന്നും കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാക്കൾ, വിഷയം പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്നും വ്യക്തമാക്കി. ബി.ജെ.പി ഇതര എൻ.ഡി.എ ഘടക കക്ഷികളും യോഗത്തിനുശേഷം ഉത്തരവിനെ അപലപിക്കുകയും പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബജറ്റിന് മുന്നോടിയായി രാജ്യത്തിന്റെ സാമ്പത്തികാവലോകന റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും. ബജറ്റ് നാളെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിച്ച യോഗത്തിൽ സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവാണ് കാവടി യാത്രവഴികളിലെ പേരു പ്രദർശനം ആദ്യമുന്നയിച്ചത്. ജനങ്ങളെ ഭിന്നിപ്പിച്ച് ജയിക്കാമെന്ന കണക്കുകൂട്ടലിലാണ് മുസ്ലിംകളെ ലക്ഷ്യമിട്ട് ഇതൊക്കെ ചെയ്യുന്നതെന്നും എന്നാൽ ഇത് കൊണ്ട് ഒരു സീറ്റ് പോലും ബി.ജെ.പിക്ക് കിട്ടാൻ പോകുന്നില്ലെന്നും യാദവ് പറഞ്ഞു. യു.പി പോലുള്ള സംസ്ഥാനങ്ങളിൽ ഭരണഘടനാ വിരുദ്ധമായ ഉത്തരവുകളിലൂടെ മതധ്രുവീകരണത്തിനുള്ള ശ്രമം നടത്തുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
കാവടി യാത്രയിലെ നിർദേശം വിചിത്രവും ക്രൂരവുമാണെന്ന് മുസ്ലിം നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. പ്രത്യേക മതവിഭാഗത്തെ തിരിച്ചറിഞ്ഞ് ദ്രോഹിക്കാനും അക്രമത്തിന് വഴിയൊരുക്കാനുമുള്ളതാണ് ഇതെന്നും ഇതിൽ ഇടപെടാതെ മൂകസാക്ഷിയായി കേന്ദ്ര സർക്കാർ നോക്കിനിൽക്കുന്നത് തെറ്റിനുള്ള അംഗീകാരമാണെന്നും ബഷീർ വിമർശിച്ചു. കേരളത്തിലെ ശബരിമലയിലേക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടനം ചൂണ്ടിക്കാട്ടി നാളെ രാജ്യത്തെ മറ്റു തീർഥാടന യാത്രകളിലേക്കുകൂടി ഇത് വ്യാപിപ്പിച്ചാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സി.പി.എം രാജ്യസഭാ ഉപനേതാവ് ജോൺ ബ്രിട്ടാസ് മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശ് സർക്കാറിന്റെ കാവടി യാത്ര ഉത്തരവ് ഇന്ത്യക്കാകെ അപമാനമാണെന്ന് സി.പി.ഐ രാജ്യസഭാ കക്ഷി നേതാവ് എ. സന്തോഷ് കുമാർ വിമർശിച്ചു.
ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തണമെന്നും നീറ്റിൽ ചർച്ച വേണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശിനും ബിഹാറിനും ഒഡിഷക്കും പ്രത്യേക പദവി വേണമെന്ന് ഭരണ പ്രതിപക്ഷ കക്ഷികളിൽനിന്ന് ആവശ്യമുയർന്നു.
ബിഹാറിന് പ്രത്യേക പദവി വേണമെന്ന് എൻ.ഡി.എ ഘടകകക്ഷികളായ ജനതാദൾ യുവും ലോക്ജൻശക്തി പാർട്ടിയും ഇൻഡ്യകക്ഷിയായ ആർ.ജെ.ഡിയും ആവശ്യപ്പെട്ടു. അതേസമയം മോദി സർക്കാറിന് പ്രശ്നാധിഷ്ഠിത പിന്തുണ നൽകുന്ന വൈ.എസ്.ആർ കോൺഗ്രസ് ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനത്തുനിന്നുള്ള എൻ.ഡി.എ ഘടകകക്ഷികളായ ടി.ഡി.പിയും ജനസേന പാർട്ടിയും മൗനം പാലിച്ചു. ഭരണത്തിൽ നിന്ന് പുറത്തായ ബിജു ജനതാദളാണ് ഒഡിഷക്ക് പ്രത്യേക സംസ്ഥാന പദവി ചോദിച്ചത്. പ്രതിപക്ഷമുന്നയിച്ച വിഷയങ്ങൾ കാര്യോപദേശക സമിതിക്കും ഇരുസഭകളുടെയും അധ്യക്ഷന്മാർക്കും മുമ്പാകെ വെക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, എൽ. മുരുഗൻ, ചിരാഗ് പാസ്വാൻ, അർജുൻ റാം മേഘ്വാൾ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.