ജാതി സെൻസസ്: ബിഹാറിൽ ഇന്ന് സർവകക്ഷിയോഗം; തീരുമാനം മന്ത്രിസഭയുടെ അംഗീകാരത്തിന് അയക്കും
text_fieldsബിഹാർ: ജാതി സെൻസസ് വിഷയം ചർച്ച ചെയ്യാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ പട്നയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. നേരത്തെ മേയ് 27ന് നടത്താൻ തീരുമാനിച്ചിരുന്ന യോഗം പിന്നീട് ജൂൺ ഒന്നിലേക്ക് മാറ്റുകയായിരുന്നു.
സെൻസസ് നടത്തുന്ന രീതികൾ ഉൾപ്പടെ വിഷയത്തിൽ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം യോഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സമ്മതിച്ചാൽ തീരുമാനം സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിന് വേണ്ടി അയക്കും.
ബിഹാറിൽ ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് കേന്ദ്രം ഈ ആവശ്യം തള്ളികളഞ്ഞു. എന്നാൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്ന് സംസ്ഥാന തലത്തിൽ ജാതി സെൻസസ് നടത്തണമെന്ന് നിലപാടെടുത്തെങ്കിലും സംസ്ഥാനത്തെ ബി.ജെ.പി ഈ തീരുമാനത്തെ എതിർത്തിരുന്നു.
എങ്കിലും നിതീഷ് കുമാറും തേജസ്വി യാദവും തമ്മിൽ വർധിച്ച് വരുന്ന അടുപ്പം കണക്കിലെടുത്ത് 2024ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷിനെ പിണക്കേണ്ടതില്ലെന്ന് സംസ്ഥാന ബി.ജെ.പി ഘടകം തീരുമാനമെടുത്തു. തുടർന്ന് ജാതി സെൻസസിനെ പിന്തുണക്കാൻ ബി.ജെ.പി നിർബന്ധിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.