സർവകക്ഷി യോഗം ഇന്ന്; ആർ.ജെ.ഡിക്കും എ.എ.പിക്കും ക്ഷണമില്ല
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ 20 പാർട്ടികൾ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബംഗാൾ മുഖ്യന്ത്രി മമത ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡി.എം.കെ. അധ്യക്ഷൻ എം.കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരും പങ്കെടുക്കും.
എന്നാൽ യോഗത്തിലേക്ക് എ.എപി, ആർ.ജെ.ഡി, എ.ഐ.എം.ഐ.എം എന്നീ പാർട്ടികൾക്ക് ക്ഷണം ലഭിച്ചിട്ടില്ല. ആർ.ജെ.ഡി ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. അഞ്ച് എം.പിമാരുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ക്ഷണിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു. എ.എ.പി ഡൽഹി ഭരിക്കുന്ന പാർട്ടിയാണ്. നാല് എം.പിമാരുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യവുമുണ്ട്. എങ്കിലും ഒരു വിഷയത്തിലും ബി.ജെ.പി തങ്ങളുടെ അഭിപ്രായം തേടാറില്ലെന്നും എ.എ.പി രാജ്യസഭ എം.പി സഞ്ജയ് സിങ് പറഞ്ഞു.
വൈകീട്ട് നാല് മണിക്ക് വിഡിയോ കോൺഫ്രൻസിങ് വഴിയാണ് സർവകക്ഷിയോഗം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.