ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കണം; ട്വിറ്ററിന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്ററിന് കേന്ദ്ര സർക്കാറിന്‍റെ മുന്നറിയിപ്പ്. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ ആയിരത്തോളം അക്കൗണ്ടുകൾ പൂട്ടണമെന്ന കേന്ദ്ര നിർദേശം ട്വിറ്റർ അധികൃതർ തള്ളിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് വിദ്വേഷം പരത്തുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ പറഞ്ഞു.
സമൂഹമാധ്യമങ്ങളെ എല്ലാവരും ബഹുമാനിക്കുന്നുണ്ടെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. സാധാരണക്കാരുടെ ശബ്ദമാകാൻ അതിന് കഴിയുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ സമൂഹമാധ്യമങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കാനായി സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ നടപടിയെടുക്കേണ്ടി വരും -അദ്ദേഹം പറഞ്ഞു.
വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് കണ്ടെത്താൻ സംവിധാനമുണ്ട്. ട്വിറ്ററോ ഫേസ്ബുക്കോ വാട്സപ്പോ ലിങ്ക്ഡ്ഇനോ എന്തുതന്നെയായാലും ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കണം -മന്ത്രി പറഞ്ഞു.
ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നുവെന്നും പാകിസ്താന്‍റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. 500ഓളം അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്റർ തയാറായില്ല. ഇതാണ് കേന്ദ്ര സർക്കാറിനെ ചൊടിപ്പിച്ചത്.
ഡൽഹിയിലെ കർഷക സമരം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയത് പോപ്് ഗായിക റിഹാനയുടെ ട്വീറ്റോടു കൂടിയാണ്. നിരവധി സെലബ്രിറ്റികൾ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയത് കേന്ദ്രത്തിന് തിരിച്ചടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.