മുഴുവൻ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണം -ഇടതു പാർട്ടികൾ
text_fieldsന്യൂഡൽഹി: മാവോവാദി കേസിൽ പ്രഫ. ജി.എൻ. സായ്ബാബയെ കുറ്റമുക്തനാക്കിയത് സ്വാഗതം ചെയ്ത ഇടതുപാർട്ടികൾ, രാജ്യത്തെ മുഴുവൻ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സായ്ബാബയെ വിട്ടയച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സി.പി.എം പ്രസ്താവിച്ചു. ''വ്യാജ കുറ്റങ്ങൾ ചുമത്തപ്പെട്ട് ഒട്ടേറെ പേർ ഇപ്പോഴും വിചാരണ നേരിടുകയാണ്. അവരെ ഉടൻ വിട്ടയക്കണം''- പാർട്ടി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ഭരണകൂടം സ്പോൺസർ ചെയ്ത പീഡനമാണ് സായ്ബാബ നേരിട്ടതെന്ന് സി.പി.ഐ ആരോപിച്ചു. ''വർഷങ്ങളുടെ ഭരണകൂട പീഡനത്തിനും ഭീകരതക്കും കള്ളങ്ങൾക്കും ശേഷം ഒടുവിലിതാ സത്യം ജയിച്ചിരിക്കുന്നു. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും കരിനിയമങ്ങൾ റദ്ദാക്കുന്നതിനു വേണ്ടിയും രാഷ്ട്രീയ തടവുകാരുടെ മോചനത്തിനു വേണ്ടിയുമുള്ള പോരാട്ടം ഇനിയും തുടരും'' -സി.പി.ഐയുടെ പ്രസ്താവന പറഞ്ഞു.
കരിനിയമങ്ങൾക്കെതിരായ പോരാട്ടങ്ങളുടെ വിജയമാണ് സായ്ബാബയുടെ മോചനമെന്ന് സി.പി.ഐ എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പ്രസ്താവിച്ചു.
അതേസമയം, കുറ്റമുക്തനായ സാഹചര്യത്തിൽ പ്രഫ. ജി.എൻ. സായിബാബയെ തിരിച്ചെടുക്കുന്ന കാര്യം, ഇക്കാര്യത്തിൽ നിവേദനം ലഭിക്കുകയാണെങ്കിൽ കോളജ് ഭരണസമിതി പരിഗണിക്കുമെന്ന് ഡൽഹി സർവകലാശാല രാം ലാൽ ആനന്ദ് കോളജ് അധികൃതർ അറിയിച്ചു. ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രഫസറായിരുന്ന സായിബാബയെ 2014ൽ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് കോളജ് സസ്‌പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.