പി.എൻ.ബി ക്രമക്കേടിെൻറ വിശദാംശങ്ങൾ നൽകണമെന്ന് വിജിലൻസ് കമീഷൻ
text_fieldsന്യൂഡൽഹി: നിരവധി നിരീക്ഷണ സംവിധാനങ്ങൾ മറികടന്ന് 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പ് എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് റിപ്പോർട്ടു നൽകാൻ കേന്ദ്ര വിജിലൻസ് കമീഷൻ തിങ്കളാഴ്ച പഞ്ചാബ് നാഷനൽ ബാങ്കിനോടും ധനമന്ത്രാലയത്തോടും ആവശ്യപ്പെട്ടു. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
അതേസമയം, വായ്പ തട്ടിപ്പിെൻറ ഭാഗമായി അതീവ രഹസ്യസ്വഭാവമുള്ള പാസ്വേഡുകൾ വജ്രരാജാവ് നീരവ് മോദിയുടെ സ്ഥാപനത്തിലേക്ക് പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് കൈമാറിയെന്ന് വെളിപ്പെടുത്തൽ. അറസ്റ്റിലായ ബാങ്ക് െഡപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടിയാണ് സി.ബി.െഎ ഉദ്യോഗസ്ഥരോട് ഇൗ കുറ്റസമ്മതം നടത്തിയത്. ‘സ്വിഫ്റ്റ്’ സംവിധാനത്തിലേക്കുള്ള ലെവൽ-5 പാസ്വേഡ് അനധികൃതമായി താൻ കൈക്കലാക്കി. അത് നീരവ് മോദിയുെട കമ്പനിയിലെ ഡയറക്ടർമാർ, ചില ജീവനക്കാർ എന്നിവർക്ക് നൽകുകയും ചെയ്തെന്നാണ് കുറ്റസമ്മതം. ഇൗടുപത്രങ്ങൾ (ലെറ്റർ ഒാഫ് അണ്ടർടേക്കിങ്) നൽകി പണം കൈമാറ്റത്തിന് വഴിയൊരുക്കുന്നതാണ് സ്വിഫ്റ്റ് സംവിധാനം. ഇതുവഴി മറ്റു ബാങ്കുകളുമായി സമ്പർക്കം പുലർത്തി പണം കൊടുക്കുന്നതിന് സാധിച്ചു.
സൊസൈറ്റി േഫാർ വേൾഡ്വൈഡ് ഇൻറർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ എന്നതിെൻറ ചുരുക്കപ്പേരാണ് സ്വിഫ്റ്റ്. സുരക്ഷിതമായ രീതിയിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ച വിവരങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന ശൃംഖലയാണ് ഇത്. ബൽജിയമാണ് ആസ്ഥാനം.
ക്രമക്കേട് നടത്താൻ വഴിതുറക്കുന്നവിധം ഇന്ത്യയിലും പുറത്തും 200ഒാളം വ്യാജ ഷെൽ കമ്പനികൾ ഉപയോഗപ്പെടുത്തിയെന്ന വിവരം ഇതിനൊപ്പം എൻഫോഴ്സ്മെൻറ് വിഭാഗവും ആദായനികുതി വകുപ്പും പങ്കുവെക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കാനും ബിനാമി സ്വത്ത് ഉണ്ടാക്കാനും ഇൗ കമ്പനികൾ ഉപയോഗപ്പെടുത്തി. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും സി.ബി.െഎ ഉദ്യോഗസ്ഥർ നിരവധി ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. നീരവ് മോദിയുടെ സ്ഥാപനങ്ങളിലെ മുഖ്യ ധനകാര്യ ഒാഫിസർമാരായ വിപുൽ അംബാനി, രവി ഗുപ്ത എന്നിവരെയും ചോദ്യംചെയ്തുവരുന്നു. ഇൗടുപത്രങ്ങൾ നൽകിയതിെൻറ വഴികളാണ് അന്വേഷിക്കുന്നത്.
വൻകിട വ്യവസായി അന്തരിച്ച ധീരുഭായ് അംബാനിയുടെ ഇളയ സഹോദരൻ നാഥുഭായ് അംബാനിയുടെ മകനാണ് വിപുൽ അംബാനി. ഞായറാഴ്ചയും ഇയാളെ എട്ടു മണിക്കൂർ ചോദ്യംചെയ്തിരുന്നു. നീരവ് മോദിയുടെ ഫയർസ്റ്റാർ എന്ന സ്ഥാപനത്തിെൻറ ധനകാര്യ മേധാവിയാണ് വിപുൽ അംബാനി. ഇതിനിടെ, ഗീതാഞ്ജലി ജെംസ് എന്ന സ്ഥാപനത്തിെൻറ രണ്ട് പ്രധാന ജീവനക്കാർ രാജിവെച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പി.എൻ.ബിയുടെ ഒാഹരിവില തിങ്കളാഴ്ച വീണ്ടും ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.