ഉള്ളാൾ ബീച്ചിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച സദാചാര ഗുണ്ടകൾക്ക് ജാമ്യം
text_fieldsമംഗളൂരു: മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസം ഒന്നിന് ഉള്ളാൾ സോമേശ്വരം ബീച്ചിൽ നടന്ന ആക്രമണത്തിൽ മംഗളൂരു അഡി. ജില്ല സെഷൻസ് കോടതി(നാല്)യാണ് ജാമ്യം നൽകിയത്. ഈ വിധിക്കെതിരെ നിയമോപദേശം തേടി അപ്പീൽ ഹരജി നൽകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജയിൻ അറിയിച്ചു.
ഉള്ളാൾ സ്വദേശികളായ സചിൻ (23), സുഹൻ(18), ബെൽത്തങ്ങാടിയിലെ അഖിൽ(24), തലപ്പാടിയിലെ ജിതേഷ് (23), ഉള്ളാൾ ബസ്തി പപ്പുവിലെ യതീഷ്(48), ഭവീഷ് വർധൻ(25), പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്താണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
സംഭവദിവസം വൈകീട്ട് 6.45നാണ് ബീച്ചിൽ സായാഹ്നം പങ്കിടുകയായിരുന്ന സഹപാഠികളായ മൂന്ന് വിദ്യാർഥികളേയും മൂന്ന് വിദ്യാർഥിനികളേയും അക്രമിച്ചത്. പേരുകൾ ചോദിച്ച് മുസ്‌ലിം ആണെന്ന് മനസ്സിലാക്കിയ ശേഷമാണ് മർദിച്ചതെന്ന് പരിക്കേറ്റവർ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. അറസ്റ്റിലായവർ ഉൾപ്പെടെ 15 പേർ വിദ്യാർഥി മുജീബ് റഹ്മാനേയും ഒപ്പമുള്ള സഹപാഠികളായ രണ്ടു പേരേയും വളഞ്ഞിട്ട് ചോദ്യം ചെയ്ത് മർദിക്കുകയായിരുന്നു. പെൺകുട്ടികൾ മൂന്ന് പേരും അക്രമം ഭയന്ന് വീട്ടിലേക്ക് പോവുകയും ചെയ്തു.
സിറ്റി പൊലീസ് കമ്മീഷണർ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്തായിരുന്നു അറസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല സെക്രട്ടറിയും സംഘവും ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും അവരെ തിരിച്ചയക്കുകയാണ് കമ്മീഷണർ ചെയ്തത്.
കേസിൽ അറസ്റ്റിലായവർ എല്ലാം യുവാക്കൾ ആണെന്നും മറ്റു കുറ്റകൃത്യങ്ങളിൽ പ്രതികളല്ലാത്ത അവരെ ജയിലിൽ താമസിപ്പിക്കുന്നത് കുറ്റവാളികളാവാൻ വഴിവെച്ചേക്കാമെന്നും ജാമ്യം അനുവദിച്ച കോടതി നിരീക്ഷിച്ചു. അറസ്റ്റിലായവർ ചെയ്ത കുറ്റത്തിനുള്ള തെളിവുകൾ പ്രൊസിക്യൂഷൻ ഹാജരാക്കിയതായും കാണുന്നില്ല. ജാമ്യത്തിലെ ഉപാധി അനുസരിച്ച് പ്രതികൾ എല്ലാ മാസവും മൂന്നാം ഞായറാഴ്ചകളിൽ രാവിലെ ഒമ്പതിനും വൈകുന്നേരം അഞ്ചിനും ഇടയിൽ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം. അടുത്ത ആറ് മാസമോ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത് വരെയോ ഇത് തുടരണം.
തീരദേശ ജില്ലകളിൽ സദാചാര ഗുണ്ടായിസം തടയാൻ ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര മംഗളൂരുവിൽ വിളിച്ചു ചേർത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിക്കുകയും പ്രത്യേക സ്ക്വാഡ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ നീക്കങ്ങളെ ദുർബലപ്പെടുത്തുന്നതാണ് പ്രതികൾ ജാമ്യം ലഭിച്ച് പുറത്ത് കഴിയുന്ന അവസ്ഥയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ കോടതി വിധിയിൽ പൊലീസിന് എതിർപ്പുണ്ടെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. നിയമോപദേശം തേടി അപ്പീൽ ഹരജി സമർപ്പിക്കും എന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.