തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കെതിരെ ആഞ്ഞടിച്ച് കമീഷണർ
text_fieldsന്യൂഡൽഹി: ഏത് വിധേനയും തെരഞ്ഞെടുപ്പിൽ ജയിക്കാൻ രാഷ്ട്രീയ നേതാക്കൾ ധാർമികതയെ മറികടക്കുന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത്. ഇത് ‘രാഷ്ട്രീയ സദാചാരത്തിൽ പടർന്നുപിടിക്കുന്ന പുതിയ വഴക്ക’മാണെന്നും അദ്ദേഹം തുറന്നടിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കൂറുമാറിയ രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ട് തങ്ങളുടെ പ്രത്യേകാധികാരം ഉപയോഗിച്ച് റദ്ദാക്കി ദിവസങ്ങൾക്കകമാണ് തെരഞ്ഞെടുപ്പ് കമീഷണർ തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്കെതിരെ ആഞ്ഞടിച്ചത്.
‘പണംനൽകി വശീകരിക്കുക, ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ച് വിരട്ടുക തുടങ്ങിയ തന്ത്രങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ പയറ്റുന്നത്. സാമാജികരെ പിടിച്ചു കൊണ്ടുപോകുന്നതിനെ സമർഥമായ രാഷ്ട്രീയതന്ത്രമെന്നാണ് വിളിക്കുന്നത്’. അസോസിയേഷൻ ഒാഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) സംഘടിപ്പിച്ച ‘സമ്മതിദായക-രാഷ്ട്രീയ പരിഷ്കരണത്തെ സംബന്ധിച്ച കൂടിയാലോചന’ പരിപാടിയിലെ മുഖ്യപ്രഭാഷണത്തിൽ റാവത്ത് പറഞ്ഞു. ഭരണപക്ഷത്തേക്ക് കൂറുമാറുന്നയാൾ തെറ്റിൽനിന്നും അപരാധിത്വത്തിൽനിന്നും മുക്തനാവുന്നു; രാഷ്ട്രീയ ധാർമികതയിൽ പടരുന്ന ഇൗ പുതിയ വഴക്കത്തിനെതിരെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും സിവിൽ സമൂഹത്തിലെ സംഘടനകളും ഭരണഘടന അധികാരികളും മാതൃകാപരമായ നടപടി സ്വീകരിക്കണം.
രണ്ടു വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കുന്ന തെരഞ്ഞെടുപ്പു കുറ്റമായി പെയ്ഡ് ന്യൂസിനെ പരിഗണിക്കണം. തെരഞ്ഞെടുപ്പ് ചെലവിന് പരിധിവെക്കണം. ഇലക്ടറൽ ബോണ്ടിലും ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതിവരുത്താനുള്ള നിർദേശത്തിലും തെരഞ്ഞെടുപ്പ് കമീഷനുള്ള ഭിന്നതയും അദ്ദേഹം വ്യക്തമാക്കി. അഹമ്മദ് പേട്ടലിെൻറ അഭിമാന പോരാട്ടമായി മാറിയ രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്ത രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ട് റദ്ദാക്കിയ നടപടിക്കെതിരെ ബി.ജെ.പി നിയമ നടപടി സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ ഒ.പി. റാവത്തിെൻറ പ്രതികരണം ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.