പാർലമെന്‍റ് ബജറ്റ് സമ്മേളനം നാളെ മുതൽ; എല്ലാ എം.പിമാരുടെയും സസ്പെൻഷൻ പിൻവലിക്കുമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി
text_fieldsന്യൂഡൽഹി: എട്ടു ദിവസത്തെ പാർലമെന്‍റ് സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കെ, 14 എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം. കഴിഞ്ഞ സമ്മേളനത്തിൽ ഉയർന്ന ഒച്ചപ്പാടുകളെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെന്ന സർക്കാർ അഭ്യർഥന ലോക്സഭ, രാജ്യസഭ അധ്യക്ഷന്മാർ അംഗീകരിച്ചതായി പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിശദീകരിച്ചു.
തുടർച്ചയായ പ്രതിപക്ഷപ്രതിഷേധത്തിനാണ് ശീതകാല പാർലമെന്‍റ് സമ്മേളനം സാക്ഷ്യംവഹിച്ചത്. സർക്കാറും പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടലിനിടയിൽ 146 എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ 100 പേർ ലോക്സഭാംഗങ്ങളും മറ്റുള്ളവർ രാജ്യസഭാംഗങ്ങളുമാണ്.
14 എം.പിമാരുടെ അച്ചടക്കലംഘനം ഗുരുതരമാണെന്ന നിരീക്ഷണത്തോടെ അവരുടെ സസ്പെൻഷൻ പിൻവലിക്കുന്ന വിഷയം പ്രിവിലേജസ് കമ്മിറ്റിക്ക് വിട്ടു. അതുകൊണ്ട് സമ്മേളനം തീർന്നശേഷവും ഈ സസ്പെൻഷൻ നിലനിൽക്കുകയായിരുന്നു.
സഭയിലെ മോശം പെരുമാറ്റത്തിന് സസ്പെൻഷനിലുള്ളവർ പ്രിവിലേജസ് കമ്മിറ്റിയിൽ ഖേദപ്രകടനം നടത്തിയതോടെയാണ് തിരിച്ചെടുക്കൽ. പ്ലക്കാർഡുകളും മറ്റും സഭയിൽ കൊണ്ടുവരരുതെന്ന് അംഗങ്ങളോട് സഭാധ്യക്ഷന്മാർ നിർദേശിച്ചിട്ടുണ്ടെന്ന് ജോഷി പറഞ്ഞു.
ബുധനാഴ്ച രാഷ്ട്രപതി പാർലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പത്തെ അവസാന പാർലമെന്‍റ് സമ്മേളനമാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.