സമുദായസൗഹാർദ്ദം തകർക്കും വിധം പ്രവർത്തിച്ചയാളോട് ദാഹജല വിതരണത്തിന് നിർദേശിച്ച് അലഹാബാദ് കോടതി
text_fieldsഅലഹാബാദ്: യു.പി തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ നടന്ന ആക്രമണത്തിനിടെ സമുദായ സൗഹാർദ്ദത്തിന് കോട്ടം തട്ടും വിധം പ്രവർത്തിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായയാളോട് ഒരാഴ്ച കുടിവെള്ളവും സർബത്തും വിതരണം ചെയ്യാൻ നിർദേശിച്ച് അലഹാബാദ് ഹൈകോടതി. പ്രതിയായ ഹാപുർ നവാബിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
രാഷ്ട്രീയ പ്രതിയോഗികൾ തമ്മിലുള്ള വഴക്കാണ് അക്രമാസക്തമായ കലഹത്തിന് വഴിവെച്ചത്. ഈ കലാപത്തിൽ പങ്കാളിയായിയെന്നതാണ് ഹാപുരിലെ നവാബിനെതിരായ ആരോപണം.
ഗംഗ -യമുന സംസ്കാരം എന്നത് വാക്കുകളിൽ ആചരിക്കേണ്ടതല്ല, അത് പെരുമാറ്റത്തിൽ ഉണ്ടാകേണ്ടതാണെന്ന് നവാബിന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് അജയ് ഭാനോട് പറഞ്ഞു. ഗംഗ-യമുന സംസ്കാരം എന്നത് വ്യത്യസ്തതകളെ സഹിക്കുകയല്ല, മറിച്ച് വൈവിധ്യങ്ങളെ ഹൃദയത്തോട് ചേർത്തുവെക്കുന്നതാണെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
ഗംഗ -യമുന സംസ്കാരം എന്നത് വടക്കേ ഇന്ത്യയിൽ ഗംഗ -യമുന നദിക്കൾക്കിടയിലെ പ്രദേശങ്ങളിലാണ് പ്രധാനമായും ആചരിക്കുന്നത്. അത് ഹിന്ദു മതാചാരങ്ങളും മുസ്‍ലിം മതാചാരങ്ങളും ചേർത്ത് ആചരിക്കുന്ന വ്യത്യസ്തമായ സംസ്കാരമാണ്.
ഹാപുർ ജില്ലയിൽ മെയ് മുതൽ ജൂൺ 22 വരെയുള്ള സമയത്തിനിടെ ഒരാഴ്ച ഇരു പാർട്ടികളും ദാഹിച്ചു വരുന്ന പൊതുജനങ്ങൾക്ക് വെള്ളവും സർബത്തും നൽകുമെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു.
ഇതു സംബന്ധിച്ച് ഇരു കക്ഷികളും ഹാപുർ ജില്ലാ പൊലീസ് സൂപ്രണ്ടിനും മജിസ്ട്രേറ്റിനും അപേക്ഷ നൽകണമെന്ന് ജഡ്ജി നിർദേശിച്ചു. ഒരു തടസവും കൂടാതെ സമാധാനപൂർവം വെള്ള വിതരണം മുന്നോട്ടുപോകാൻ വേണ്ട സഹായ സഹകരണങ്ങൾ പ്രാദേശിക പൊലീസും ഭരണകൂടവും ഒരുക്കി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.