വി.എച്ച്.പി പരിപാടിയിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം: ഹൈകോടതി ജഡ്ജിയോട് നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി കൊളീജിയം
text_fieldsന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന് മുന്നിൽ നാളെ ഹാജരാകാൻ നിർദേശം. യാദവിനെ ജഡ്ജിയുടെ പദവിയിൽ നിന്ന് നീക്കാൻ കപിൽ സിബലിന്റെ നേതൃത്വത്തിൽ 59 എം.പിമാർ രാജ്യസഭക്ക് ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കൊളീജിയം വിളിച്ചുവരുത്തുന്നത്. സുപ്രീംകോടതിയുടെ ആഭ്യന്തര നടപടിയുടെ ഭാഗമായാണ് കൊളീജിയം വിളിപ്പിച്ചതെന്നും യോഗത്തിന് ശേഷമേ തുടർ നടപടികൾ കൈക്കൊള്ളൂ എന്നും കോടതി വൃത്തങ്ങൾ പറഞ്ഞു.
ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് ഏകസിവിൽ കോഡിനെ കുറിച്ച് യാദവ് നടത്തിയ പരാമർശങ്ങളെ തുടർന്നാണ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. അലഹബാദ് ഹൈകോടതിയിൽ നിന്ന് വിദ്വേഷ പ്രസംഗത്തിന്റെ വിശദാംശങ്ങൾ തേടിയ ശേഷമാണ് സുപ്രീംകോടതി നടപടി.
സുപ്രീംകോടതി ഇടപെടലോടെ ജഡ്ജിക്ക് നൽകുന്ന കേസുകൾ അലഹബാദ് ഹൈകോടതി പരിമിതപ്പെടുത്തി. 2010 വരെയുള്ള കേസുകളുടെ ജില്ല കോടതികളിൽ നിന്നുള്ള അപ്പീലുകൾ മാത്രം അദ്ദേഹം പരിഗണിച്ചാൽ മതിയെന്നാണ് ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശം.
ഡിസംബർ എട്ടിന് വിശ്വ ഹിന്ദു പരിഷത്തിന്റെ ഏകസിവിൽകോഡ് സംബന്ധിച്ച പരിപാടിയിലായിരുന്നു വിദ്വേഷ പ്രസംഗം. ജഡ്ജിക്കെതിരെ നിയമ മേഖലയിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് എം.പിമാർ രാഷ്ട്രപതിക്കും പരാതി നൽകി. പിന്നാലെ, പ്രസംഗത്തിന്റെ പൂര്‍ണരൂപം കൈമാറാന്‍ അലഹബാദ് ഹൈകോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നൽകിയിരുന്നു. 2026 ഏപ്രിലിലാണ് യാദവ് വിരമിക്കേണ്ടത്.
ജഡ്ജിയുടെ വിദ്വേഷ പ്രസംഗത്തിലെ ഭാഗങ്ങൾ
‘‘ഈ രാജ്യം ‘ഹിന്ദുസ്ഥാൻ’ ആണെന്ന് പറയാൻ തനിക്ക് ഒരു ശങ്കയുമില്ല. ഇവിടെ ജീവിക്കുന്ന ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ചാണ് ഈ രാജ്യം ചലിക്കുക. ഇതാണ് നിയമം. ഒരു ഹൈകോടതി ജഡ്ജിയെന്ന നിലക്കല്ല താൻ സംസാരിക്കുന്നത്. മറിച്ച് ഭൂരിപക്ഷക്കാർക്ക് അനുസരിച്ചാണ് നിയമം പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിന്റെ കാര്യമായാലും സമൂഹത്തിന്റെ കാര്യമായാലും ഭൂരിപക്ഷത്തിന്റെ സന്തോഷമാണ് പരിഗണിക്കപ്പെടുക.
എന്നാൽ ഈ ‘കഠ്മുല്ല’യുണ്ടല്ലോ.... ആ വാക്ക് ഒരു പക്ഷേ ശരിയായ വാക്കാകണമെന്നില്ല..എന്നാലും പറയുകയാണ്. അവർ ഈരാജ്യത്തിന് അപകടകരമാണ്. അവർ രാജ്യത്തിനും ജനങ്ങൾക്കും ഉപദ്രവകരമാണ്. പൊതുജനത്തെ ഇളക്കിവിടുന്നവരാണ്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കാത്ത ഇത്തരമാളുകളെ കരുതിയിരിക്കണം. മുസ്ലിംകൾ നിരവധി ഭാര്യമാർ വേണമെന്നത് അവകാശമായി കരുതുന്നവരാണ്’’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.