ഗ്യാൻവാപി പള്ളിയിൽ ഹിന്ദു ആരാധനക്ക് അനുമതി തേടിയ ഹരജി നിലനിൽക്കും
text_fieldsന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനകത്ത് ഹൈന്ദവ ആരാധന നടത്താൻ അനുമതി തേടി വാരാണസി കോടതിയിൽ സമർപ്പിച്ച ഹരജിയുടെ നിയമ സാധുത ചോദ്യം ചെയ്ത് പള്ളി പരിപാലന കമ്മിറ്റി സമർപ്പിച്ച ഹരജി അലഹാബാദ് ഹൈകോടതി തള്ളി. ഇതോടെ ഫൈസാബാദിലെ ബാബരി മസ്ജിദ് പോലെ വാരാണസി ഗ്യാൻവാപി പള്ളിക്ക് മേലുള്ള ഹിന്ദുത്വ സംഘടനകളുടെ അവകാശവാദവും കോടതിയിൽ നിയമയുദ്ധമായി തുടരുമെന്ന് ഉറപ്പായി.
നേരത്തേ ഗ്യാൻവാപി പള്ളിക്കു മേലുള്ള ഹിന്ദുത്വ സംഘടനകളുടെ അവകാശവാദത്തെ ബലപ്പെടുത്തുന്ന നടപടിയിൽ ‘വുദുഖാന’യിലെ ജലധാര ശിവലിംഗമാണെന്ന വാദം മുഖവിലയ്ക്കെടുത്ത് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അതിന് സംരക്ഷണമേർപ്പെടുത്തിയിരുന്നു. അതിനുശേഷം ശിവലിംഗമാണെന്ന് അവകാശപ്പെടുന്ന ജലധാരയുടെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹിന്ദു വിഭാഗത്തിന്റെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പള്ളി ആരാധനക്കായി വിട്ടുകൊടുക്കാൻ ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹരജി നിയമപരമായി നിലനിൽക്കുമോ എന്നു നോക്കിയശേഷമേ ശാസ്ത്രീയ പരിശോധനക്കുള്ള ഹരജിപോലും പരിഗണിക്കാവൂ എന്നായിരുന്നു വാരാണസി അഞ്ചുമൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്.
നിലവിൽ വർഷത്തിലൊരിക്കൽ ശൃംഗാർ ഗൗരിയെ പ്രതീകാത്മകമായി ആരാധിക്കാൻ ഹിന്ദുമത വിശ്വാസികൾക്ക് വാരാണസി പള്ളിയിൽ അനുമതിയുണ്ട്. അതിനുപകരം ദിനേനയുള്ള നമസ്കാരം തടഞ്ഞ് ദിനേന ഹിന്ദു ദേവതകളെ ആരാധിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി ദേവി, രേഖ പഠക്, സീത സാഹു, മഞ്ചു വ്യാസ് എന്നിവരാണ് വാരാണസി കോടതിയെ സമീപിച്ചത്. ഹരജി അനുവദിക്കരുതെന്ന പള്ളി പരിപാലന കമ്മിറ്റിയുടെ ആവശ്യം വാരാണസി കോടതി 2022 സെപ്റ്റംബർ 12ന് തള്ളിയിരുന്നു. അതിനെതിരെ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് പള്ളി കമ്മിറ്റിക്ക് എതിരായ ഉത്തരവിറക്കിയത്. പള്ളി ഹിന്ദുക്കൾക്ക് ആരാധനക്ക് അനുവദിക്കാൻ ഹിന്ദു സ്ത്രീകളുടെ പേരിൽ സമർപ്പിച്ച ഹരജി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റി ഹൈകോടതി മുമ്പാകെ നടത്തിയ വാദം. വാദം പൂർത്തിയാക്കി കഴിഞ്ഞ വർഷം ഡിസംബർ 23ന് വിധിപറയാനായി മാറ്റിവെച്ച ഹരജിയിലാണ് അഞ്ചു മാസത്തിനുശേഷം വിധി വരുന്നത്. പള്ളി പരിപാലന കമ്മിറ്റിയെ കൂടാതെ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും ഹിന്ദു സ്ത്രീകളുടെ ഹരജി ചോദ്യംചെയ്ത് കക്ഷി ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.