സി.എ.എക്കായി ഗൂഢാലോചന, മോദി അടക്കമുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണം; അലഹബാദ് ഹൈകോടതിയിൽ ഹരജി
text_fieldsലക്നോ: പൗരത്വ ഭേദഗതി നിയമ (സി.എ.എ) വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ അടക്കമുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈകോടതിയിൽ ഹരജി. അലിഗഡ് സ്വദേശി ഖുർഷിദ് ഉർ റഹ്മാനാണ് ഹരജി നൽകിയത്.
സി.ആർ.പി.സി 156(3) പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അലിഗഡ് സെഷൻസ് കോടതിയിലും അലിഗഡ് ജില്ല കോടതിയിലും ഹരജികൾ റഹ്മാൻ മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ, രണ്ട് കോടതികളും ഹരജികൾ തള്ളി. ഇതിന് പിന്നാലെയാണ് കീഴ്കോടതി നടപടിക്കെതിരെ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
സി.എ.എക്കായുള്ള ബി.ജെ.പിയുടെ പ്രചാരണശ്രമങ്ങൾ വ്യാപകമായ അശാന്തിക്ക് കാരണമായി. ഇത് ഇന്ത്യയിലുടനീളം വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും അക്രമങ്ങൾക്കും ഇടയാക്കി. ഈ സംഭവങ്ങൾ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് വലിയ നാശനഷ്ടം വരുത്തുകയും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. സി.എ.എക്ക് വേണ്ടിയുള്ള പ്രചാരണങ്ങൾ പൊതുജനവികാരം കൈകാര്യം ചെയ്യുന്നതിനും അശാന്തി ഉണ്ടാക്കുന്നതിനുമുള്ള ബി.ജെ.പി നേതാക്കളുടെ കണക്കുകൂട്ടിയുള്ള ശ്രമമാണെന്ന് ഹരജിയിൽ പറയുന്നു.
തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി അക്രമവും കലാപവും മതവികാരവും ഇളക്കിവിടാനുള്ള ഗൂഢാലോചന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നിരവധി ബി.ജെ.പി നേതാക്കൾ ആസൂത്രണം ചെയ്തതിന് തെളിവാണ് ബി.ജെ.പി പിന്തുണയുള്ള മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
പൊതുപ്രസംഗങ്ങൾ, ഹോർഡിങ്ങുകൾ, വ്യാപകമായി പ്രചരിപ്പിച്ച മാഗസിൻ ലേഖനങ്ങൾ എന്നിവയിലൂടെ സി.എ.എ പ്രോത്സാഹിപ്പിക്കുന്നതിന് ഔദ്യോഗിക സ്ഥാനങ്ങളും സത്യപ്രതിജ്ഞയും നേതാക്കൾ ദുരുപയോഗം ചെയ്തെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.