യോഗിയെ വിമർശിച്ച് ട്വീറ്റ്; യുവാവിനെതിരായ കേസ് അലഹബാദ് ഹൈകോടതി റദ്ദാക്കി
text_fieldsലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന് യുവാവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ അലഹബാദ് ഹൈകോടതി റദ്ദാക്കി. ജനാധിപത്യത്തിന്‍റെ മുഖമുദ്രയാണ് വിയോജിക്കാനുള്ള അവകാശം എന്ന് വ്യക്തമാക്കിയാണ് കോടതി കേസ് റദ്ദാക്കിയത്. സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച് നിരീക്ഷണം നടത്താനുള്ള പൗരന്‍റെ അവകാശം ഭരണഘടനാപരമാണെന്നും കോടതി പറഞ്ഞു.
യശ്വന്ത് സിങ് എന്നയാൾക്കെതിരെയാണ് യു.പി പൊലീസ് കേസെടുത്തിരുന്നത്. ക്രമസമാധാനം പാടെ തകർന്ന കാട്ടുനിയമത്തിലേക്ക് യോഗി സർക്കാർ യു.പിയെ മാറ്റിയിരിക്കുകയാണ് എന്നായിരുന്നു ഇയാൾ ട്വീറ്റ് ചെയ്തത്. തുടർന്ന് ഐ.ടി നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. ഐ.ടി ആക്ടിലെ 66ഡി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 500 എന്നിവ പ്രകാരമാണ് കേസെടുത്തത്.
എന്നാൽ, ക്രമസമാധാനത്തെ കുറിച്ച് അഭിപ്രായം പറയുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മേൽപ്പറഞ്ഞ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെയും യോഗിക്കെതിരെ വിമർശനമുന്നയിച്ചവർക്ക് നേരെ കേസെടുത്തിരുന്നു. കഴിഞ്ഞ മാർച്ചിൽ കാൺപൂരിലെ അഭിഭാഷകനായ അബ്ദുൽ ഹനാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഏപ്രിലിൽ മാധ്യമപ്രവർത്തകൻ പ്രശാന്ത് ഖനോജിയക്കെതിരെ കേസെടുത്തിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരായി ട്വീറ്റ് ചെയ്തതിനാണ് കേസെടുത്തത്. അറസ്റ്റിലായി ജയിലിലടക്കപ്പെട്ട ഇദ്ദേഹത്തെ കോടതി നിർദേശത്തെ തുടർന്നാണ് മാസങ്ങൾക്ക് ശേഷം മോചിപ്പിച്ചത്.
ദ വയർ ഓൺലൈനിന്‍റെ സ്ഥാപക പത്രാധിപരായ സിദ്ധാർഥ് വരദരാജനെതിരെയും കഴിഞ്ഞ ഏപ്രിലിൽ കേസെടുത്തിരുന്നു. മോദിക്കെതിരെ ട്വീറ്റ് ചെയ്തതിനാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.