ഉന്നാവോ സംഭവം: കസ്റ്റഡിയിൽ മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിന് കോടതി വിലക്ക്
text_fieldsഅലഹബാദ്: യു.പിയിലെ ഉന്നാവോയിൽ യുവതി ബലാത്സംഗത്തിനിരയായ സംഭവത്തിലും അവരുടെ പിതാവ് കസ്റ്റഡിയിൽ മരിച്ചതിലും സംസ്ഥാന സർക്കാർ നിലപാട് അറിയിക്കണമെന്ന് അലഹബാദ് ഹൈകോടതി ആവശ്യപ്പെട്ടു. യുവതിയുടെ പിതാവിെൻറ സംസ്കാരം കഴിഞ്ഞില്ലെങ്കിൽ അത് നടത്തരുതെന്നും നിർദേശിച്ചു (കഴിഞ്ഞ ദിവസം മൃതദേഹം സംസ്കരിച്ചിരുന്നു). ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറും സഹോദരങ്ങളുമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം യുവതിയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ചത്.
മുതിർന്ന അഭിഭാഷകൻ ഗോപാൽ സ്വരൂപ് ചതുർവേദി കോടതിക്ക് നൽകിയ കത്ത് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.ബി. ഭോസ്ലെ, ജസ്റ്റിസ് സുനീത് കുമാർ എന്നിവർ ഉത്തരവിട്ടത്. ബലാത്സംഗത്തിലും ഇരയുടെ പിതാവിെൻറ മരണത്തിലും അന്വേഷണം വേണമെന്ന് ചതുർവേദി ആവശ്യപ്പെട്ടു. കേസിൽ ഇന്ന് കോടതി വാദം കേൾക്കും. അഡ്വക്കറ്റ് ജനറലോ അഡീഷനൽ അഡ്വക്കറ്റ് ജനറലോ വാദം കേൾക്കുന്ന വേളയിൽ കോടതിയിൽ വേണം. സെങ്കാറിെൻറ സഹോദരൻ അതുൽ സിങ്ങിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗ കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീം കോടതി അടുത്ത ആഴ്ചവാദം കേൾക്കും.
അതേസമയം, തന്നെയും കുടുംബാംഗങ്ങളെയും ജില്ല മജിസ്ട്രേറ്റ് ഹോട്ടലിൽ തടഞ്ഞുവെച്ചെന്ന് പീഡനത്തിനിരയായ യുവതി ആരോപിച്ചു. തിങ്കളാഴ്ച പിതാവ് കസ്റ്റഡിയിൽ മരിച്ച ശേഷമായിരുന്നു ഇതെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുറത്തുവിടണമെന്നും സഹായിക്കണമെന്നും അഭ്യർഥിച്ചപ്പോൾ അത് തങ്ങളുടെ ജോലിയല്ലെന്നായിരുന്നു പ്രതികരണം. തനിക്ക് നീതിവേണം. ക്ഷമാപണം നടത്തണമെന്നാണ് അവരുടെ ആവശ്യം. തെൻറ അമ്മാവനെ കൊല്ലുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. പരാതിക്കാരിയെയും കുറ്റാരോപിതനായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ്ങിനെയും നുണപരിശോധനക്ക് വിധേയനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിെൻറ ഭാര്യ സംഗീത സെങ്കാർ രംഗത്തെത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.